| Sunday, 18th March 2018, 6:40 pm

'ഹോക്കിങ് വേദങ്ങളെപ്പറ്റി പറഞ്ഞതായി അറിയില്ല'; കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിക്കെതിരെ സ്റ്റീഫന്‍ ഹോക്കിങ് ഫൗണ്ടേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി/ലണ്ടണ്‍: ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞുവെന്ന കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുടെ വാദത്തിനെതിരെ സ്റ്റീഫന്‍ ഹോക്കിങ് ഫൗണ്ടേഷന്‍ രംഗത്ത്. മന്ത്രി ഹര്‍ഷ് വര്‍ധന്റെ അവകാശവാദങ്ങളെ പിന്തുണക്കാന്‍ സാധിക്കില്ല എന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് ഫൗണ്ടേഷന്റെ സ്ഥാപക അംഗവും കേമ്പ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസറുമായ മാല്‍ക്കൊം പെറിയുടെ പ്രതികരണം.

“സ്റ്റീഫന്‍ ഹോക്കിങ് വേദങ്ങളെപ്പറ്റി എന്തെങ്കിലും പറഞ്ഞതായി എനിക്കറിയില്ല. ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന നിങ്ങളുടെ മന്ത്രിയുടെ അവകാശവാദത്തെ സ്റ്റീഫന്‍ ഹോക്കിങ് പിന്‍തുണക്കില്ല എന്ന് ഉറപ്പാണ്”, മാല്‍ക്കൊം പെറി ദി ടെലഗ്രാഫിനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

“വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശത്രു അജ്ഞതയല്ല, അറിവുണ്ടെന്ന മിഥ്യാബോധമാണ്”, സ്റ്റീഫന്‍ ഹോക്കിങിനെ തന്നെ ഉദ്ധരിച്ചുകൊണ്ട് നോബേല്‍ ജേതാവും യു.കെയിലെ റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ വെങ്കട്ട്‌രാമന്‍ രാമകൃഷ്ണനും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മൈസൂരില്‍ വെച്ചുനടന്ന സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു എന്നും, “വളരെക്കുറച്ച് മാത്രം ശാസ്ത്രം ചര്‍ച്ച ചെയ്യുന്ന ഒരു സര്‍ക്കസായിരുന്നു അത്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഫാലിലെ 105ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍, “ഒരു പ്രശസ്ത പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍- സ്റ്റീഫന്‍ ഹോക്കിങ്ങിനെ നമുക്ക് നഷ്ടപ്പെട്ടു. e=mc^2 എന്ന ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനേക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം നമ്മുടെ വേദങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു,” എന്ന വാദമുന്നയിച്ചത്.


Related News: ‘ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു’; വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി

Latest Stories

We use cookies to give you the best possible experience. Learn more