ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ പളനിസാമി വിശ്വാസവോട്ട് നേടി. അണ്ണാ ഡി.എം.കെ അംഗങ്ങള്‍ മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്. 122 എം.എല്‍.എമാര്‍ പളനിസ്വാമിയെ പിന്തുണച്ചു.
പനീര്‍സെല്‍വം ഉള്‍പ്പെടെ സഭയിലുണ്ടായിരുന്ന 11 എംഎല്‍എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഇതോടെ പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. വന്‍ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ അനുമതിയോടെ സഭയില്‍നിന്നും ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്.
ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എം.എല്‍.എമാരെയണ് പുറത്താക്കിയത്. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.
ബഹളം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനഃരാരംഭിക്കുന്നതിന് മുന്നോടിയായാണ് സഭയ്ക്കുള്ളില്‍നിന്നു ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ എം.എല്‍.എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കിയത്.
Dont Miss കൂവത്തൂരിലെ റിസോര്‍ട്ട് പൂട്ടി; അറ്റകുറ്റപ്പണിക്കെന്ന് വിശദീകരണം
പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ എംഎല്‍എമാര്‍ ഗവര്‍ണറെ കാണ്ട് പരാതിപ്പെടാനായി രാജ്ഭവനിലേക്കു പോയി.
വിശ്വാസവോട്ടിനെ ചൊല്ലി നിയമസഭയില്‍ വലിയ സംഘര്‍ഷമായിരുന്നു അരങ്ങേറിയത്. രഹസ്യബാലറ്റ് ആവശ്യപ്പെട്ടാണ് ഡി.എം.കെയും പനീര്‍ശെല്‍വം പക്ഷവും രംഗത്തെത്തിയത്. രഹസ്യബാലറ്റിനായി ഡി.എം.കെ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് നിഷേധിക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്.
വോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം.
പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവും രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളയുകയായിരുന്നു.
ബഹളം ശക്തമായതോടെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍, പനീര്‍സെല്‍വത്തിന് അനുമതി നല്‍കിയിരുന്നു. എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ നിലപാട് മനസിലാക്കാന്‍ എം.എല്‍.എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു.
വോട്ടെടുപ്പു തീര്‍ക്കാന്‍ എന്താണിത്ര തിടുക്കമെന്ന് എം.കെ സ്റ്റാലിനും ചോദിച്ചു. ജനാധിപത്യം സംരക്ഷിക്കപ്പെട്ടേ തീരൂ. ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമി സര്‍ക്കാരിന് ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന ഇരുവരുടെയും ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങുകയായിരുന്നു.
തുടര്‍ന്ന് എം.എല്‍.എമാര്‍ മൈക്ക് വലിച്ചെറിയുകയും സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയുമായിരുന്നു. തുടര്‍ന്ന് നിയമസഭ 1 മണി വരെ നിര്‍ത്തിവെക്കുകയും വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഡി.എം.കെ അംഗങ്ങളെ ഉള്‍പ്പെടെ പുറത്താക്കിയതിന് ശേഷവുമാണ് വിശ്വാസവോട്ട് ആരംഭിച്ചത്.