മണിപ്പൂരില്‍ ബി.ജെ.പി വീഴുമോ? ബിരെന്‍ സിങ് സര്‍ക്കാരിന് നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്
national news
മണിപ്പൂരില്‍ ബി.ജെ.പി വീഴുമോ? ബിരെന്‍ സിങ് സര്‍ക്കാരിന് നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 9:09 am

ഇംഫാല്‍: മണിപ്പൂരില്‍ ഇന്ന് ബി.ജെ.പിക്ക് നിര്‍ണായക ദിനം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

ജൂലായ് 28 നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ബിരെന്‍ സിങ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ മേഘചന്ദ്ര, ടി ലോകേശ്വര്‍ എന്നിവരാണ് സ്പീക്കര്‍ വൈ ഖേംചന്ദ് സിങിന് അവിശ്വാസ പ്രമേയത്തിനായുള്ള നോട്ടീസ് സമര്‍പ്പിച്ചിരുന്നത്.

ഓഗസ്റ്റ് പത്തിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മുന്‍ ബി.ജെ.പി നേതാവ് ലുഖോസി സൗ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് സി.ബി.ഐക്ക് കൈമാറാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മേല്‍ ബിരെന്‍ സിങ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ഘട്ടത്തിലാണ് അവിശ്വാസ പ്രേമേയം കോണ്‍ഗ്രസ് കൊണ്ടുവന്നത്.

വിശ്വാസവോട്ടെടുപ്പിന് മുമ്പ് തന്ത്രം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബിരെന്‍ സിങ് സഖ്യത്തിലെ എല്ലാ നിയമസഭാംഗങ്ങളുടെയും യോഗം വിളിച്ചതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

അതേസമയം, മുഖ്യമന്ത്രി സമര്‍പ്പിച്ച വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ ഗോവിന്ദസ് നിയമസഭാംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

പാര്‍ട്ടി അംഗങ്ങളെല്ലാം ഓഗസ്റ്റ് 10 രാവിലെ 11 മുതല്‍ സെഷന്‍ അവസാനിക്കുന്നതുവരെ സഭയില്‍ ഉണ്ടായിരിക്കണമെന്നും മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Trust vote in Manipur Assembly today