ന്യൂദല്‍ഹി: സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കെ പ്രധാനമന്ത്രിയെ വിശ്വസിക്കണമെന്ന പ്രസ്താവനയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുവാക്കള്‍ വിശ്വസിക്കണമെന്നും, കലാപത്തിന്റെ പാതയില്‍ നിന്ന് മാറി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താന്‍ യുവാക്കള്‍ ശ്രമിക്കണമെന്നുമായിരുന്നു നദ്ദയുടെ പരാമര്‍ശം.
വിമര്‍ശിക്കുന്നതിന് മുന്‍പ് പദ്ധതിയുടെ ആശയവും, ആവശ്യകതയും കൃത്യമായി മനസിലാക്കണമെന്നും നദ്ദ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് നദ്ദയുടെ പ്രസ്താവന.
‘അഗ്നിപഥ് വിപ്ലവകരമായ പദ്ധതിയാണ്. രാജ്യത്തിന്റെ സൈനിക ശക്തിയെ ലോകത്തിന് മുന്‍പില്‍ തന്നെ ശക്തമായി നിലനില്‍ക്കാന്‍ പാകത്തിനുള്ള വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്. അത് നിങ്ങള്‍ മനസ്സിലാക്കണം,’ നദ്ദ പറഞ്ഞു.
കര്‍ണാടകയില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു നദ്ദയുടെ പരാമര്‍ശം.
‘യുവാക്കള്‍ പ്രധാനമന്ത്രിയെ വിശ്വസിക്കണം. അദ്ദേഹം ഈ രാജ്യത്തെ എങ്ങനെയാണ് നയിക്കുന്നതെന്നതിലും യുവാക്കള്‍ വിശ്വസിക്കണം. വരും ദിവസങ്ങളില്‍ അഗ്നിവീര്‍ പദ്ധതിയിലൂടെ പുറത്തെത്തുന്ന അഗ്നിവീരന്മാര്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയവര്‍ എന്നായിരിക്കും ലോകത്തിന് മുന്നില്‍ അറിയപ്പെടുക. അഗ്നിപഥ് നാല് വര്‍ഷത്തേക്ക് മാത്രമല്ല, ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട എല്ലാ പരീശീലനവും നല്‍കും.
ഇതൊരു വലിയ അവസരമാണ്, പ്രക്ഷോഭത്തിന്റെ പാതയിലുള്ള യുവസുഹൃത്തുക്കള്‍ സംവാദത്തിന്റെ പാത തെരഞ്ഞെടുക്കണം എന്നാണ് എന്റെ ആഗ്രഹം. നിങ്ങളുടെ ഭാവിയുടെ ഉന്നമനത്തിനായി എല്ലാം ആഴത്തില്‍ അറിയാനും മനസ്സിലാക്കാനും ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി എല്ലായ്പ്പോഴും യുവാക്കളെയും രാജ്യത്തെയും കുറിച്ച് ചിന്തിക്കുന്നുണ്ട്,’ നദ്ദ പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളമുള്ള പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടകഓങക്കുന്നതിനിടെയാണ് നദ്ദയുടെ പരാമര്‍ശങ്ങള്‍.