|

മടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സുരക്ഷ ഏജന്‍സി ഇടപെടും; തീരമാനം ആറു മണിക്കെന്ന് തൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന കാര്യം 6 മണിക്ക് തീരുമാനിക്കും. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മടങ്ങുന്ന കാര്യത്തില്‍ 6 മണിക്ക് തീരുമാനം ഉണ്ടാകുമെന്ന് തൃപ്തി അറിയിച്ചത്. തീരുമാനം വൈകിപ്പിക്കരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 4.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയും ആറംഗസംഘവും കഴിഞ്ഞ 12 മണിക്കൂറായി വിമാനത്താവളത്തില്‍ തുടരുകയാണ്. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും എടുത്തത്.

Read Also : നെടുമ്പാശേരിയില്‍ പ്രതിഷേധിച്ച 250 പേര്‍ക്കെതിരെ കേസ്

അതേസമയം തൃപ്തിക്ക് വിമാനത്താവളത്തില്‍ എത്രസമയം വരെ ചെലവഴിക്കാം എന്നതിനെ സംബന്ധിച്ചും എന്ത് നടപടി എടുക്കാം എന്നതിനെ സംബന്ധിച്ചും സുരക്ഷാ ഏജന്‍സികളാണു തീരുമാനമെടുക്കേണ്ടത്.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഒരാള്‍ക്ക് എത്രസമയം രാജ്യത്തെ വിമാനത്താവളത്തില്‍ ചെലവഴിക്കാം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിയമം നിലവില്‍ ഇല്ല. വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് 3 മണിക്കൂറിനു മുന്‍പ് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കാം എന്നാണ് കണക്ക്.

പ്രത്യേക നിയമമില്ലാത്തതിനാല്‍, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനോടോ യാത്രക്കാരിയോടോ ഇത്ര സമയം മാത്രമേ വിമാനത്താവളത്തില്‍ ചെലവഴിക്കാവൂ എന്നു നിര്‍ദേശിക്കാനാകില്ല. അവര്‍ കാരണമില്ലാതെ അധികനേരം തങ്ങുന്നതായും അതു സുരക്ഷാ പ്രശ്‌നമാണെന്നും കണ്ടാല്‍ വിമാനത്താവള അധികൃതര്‍ക്ക് പൊലീസിനെ വിളിക്കാം. നിലവില്‍ തൃപ്തിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമായിരിക്കും തുടര്‍നടപടി.

അതേസമയം തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് ഹൈക്കോടതിയിലെ വനിതാ അഭിഭാഷകര്‍ രംഗത്തെത്തി. അഭിഭാഷകരായ അഡ്വ. കെ.വി ഭദ്രകുമാരി, അഡ്വ. കെ നന്ദിനി, അഡ്വ. പി.വി വിജയമ്മ എന്നിവരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.