സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; സര്‍ക്കാര്‍ ആര്‍.എസ്.എസിനെപ്പോലെയെന്ന് ബിന്ദു അമ്മിണി; 'കോടതിയലക്ഷ്യ ഹരജി നല്‍കും'
Sabarimala women entry
സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; സര്‍ക്കാര്‍ ആര്‍.എസ്.എസിനെപ്പോലെയെന്ന് ബിന്ദു അമ്മിണി; 'കോടതിയലക്ഷ്യ ഹരജി നല്‍കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 10:43 am

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പൊലീസ്. തൃപ്തി ദേശായി മടങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു.

സംരക്ഷണം നല്‍കേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും പ്രതികരിച്ചു. സര്‍ക്കാര്‍ പെരുമാറുന്നത് ആര്‍.എസ്.എസിനെപ്പോലെയെന്നും ബിന്ദു പറഞ്ഞു.

ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഒരു ചാനല്‍ മാത്രം തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞെന്നും ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അവര്‍ തിരിക്കുക. വെളുപ്പിന് അഞ്ച് മണിക്ക് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുക.

ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയും സംവിധാനവും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. ബിന്ദു അമ്മിണിക്കെതിരായ കയ്യേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന്, സ്ത്രീകള്‍ക്ക് നേരെ കയ്യേറ്റം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് മുളകുപൊടി വിതറിയതെന്നും കടകംപള്ളി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ