മുംബൈ: ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച ജനം ടിവിക്കെതിരെ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. തനിക്കെതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഒരാഴ്ചയ്ക്കകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.
കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാന്‍ ചാനല്‍ വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നുവെന്നും തൃപ്തി ദേശായി പറഞ്ഞു.
മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഞാന്‍ ഹിന്ദുവാണ്. ഇനിയും ഹിന്ദുവായിരിക്കും. എല്ലാ ധര്‍മ്മങ്ങളെയും മാനിക്കുന്നു. ആദ്യം സ്വധര്‍മ്മത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിനായി ശ്രമിച്ചുകൊണ്ടേയിരിക്കും. തൃപ്തി ദേശായി പറഞ്ഞു.
2012ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പൂനെ നഗരസഭയിലേക്ക് തെരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും എന്നാലത് കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. പിതാവിന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പദംക റാവു കദം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നുവെന്നും തൃപ്തി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്നിരുന്നു. എന്നാല്‍ എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.