അമേരിക്കയുടെ പ്രഖ്യാപിത കുടിയേറ്റ നിയമങ്ങള്‍ നഗ്നമായി ലംഘിച്ച് ഏഴു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാടന്‍ നടപടി രാജ്യത്തെ പരമോന്നത കോടതി തന്നെ തടഞ്ഞിരിക്കുകയാണല്ലോ. 1965ലെ ഇമ്മിഗ്രേഷന്‍ ആന്റ് നാഷനാലിറ്റി ആക്റ്റിന്റെ ലംഘനമാണിതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് പരമോന്നത കോടതി ഈ നിലപാട് സ്വീകരിച്ചത്.
ട്രംപിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ ട്രംപിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ചില മുസ്‌ലിം രാജ്യങ്ങളാണ്. ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ, സുഡാന്‍, സോമാലിയ, യെമന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്. ഒപ്പം സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തി.
ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അവയെ പിന്തുണക്കുകയോ ചെയ്യുന്നവരാണെന്നാണ് ഉത്തരവിന്റെ സാരാംശം. ഇരട്ട പൗരത്വമുള്ള അമേരിക്കക്കാര്‍ പോലും ട്രംപിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാതനകള്‍ അനുഭവിക്കുമ്പോള്‍ ഇസ്രാഈലി പൗരന്മാരായ ജൂതന്മാര്‍ക്ക് മേല്‍പറഞ്ഞ രാജ്യങ്ങളില്‍ ജനിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെടില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ് ട്രംപിന്റെ ഉത്തരവ്. ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയ ഉത്തരവ് പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് ലോക രാജ്യങ്ങള്‍ അതിനെതിരെ രംഗത്തുവന്നത്. അധികാരമേറ്റ് 15 ദിവസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് വിസാ നിരോധനവുമായി ട്രംപ് മുന്നോട്ടുവന്നതെങ്കിലും അമ്പതിലധികം കേസുകളാണ് അമേരിക്കയിലെ 17 സംസ്ഥാനങ്ങളില്‍ ട്രംപിനെതിരെ ഫയല്‍ ചെയ്യപ്പെട്ടത്. കേസ് കൊടുത്തവരില്‍ ഡോക്ടര്‍മാരും പ്രഫസര്‍മാരും വിദ്യാര്‍ഥികളും ഇറാഖിലെ ആഭ്യന്തര കലാപത്തില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ എത്തുകയും അവിടെ യു.എസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ വരെയുണ്ട്.
ഇറാനും അവിടത്തെ ശിഈ ഭരണകൂടത്തിന്റെ സ്വാധീനത്തില്‍പെട്ട ഇറാഖും സിറിയയും എന്തിനേറെ തെഹ്‌റാന്റെ പിന്തുണയുള്ള ഹൂതികള്‍ സമാന്തര ഭരണം നടത്തുന്ന യമനും ട്രംപിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് സൗദി അറേബ്യ. പുതിയ അമേരിക്കന്‍ ഭരണകൂടവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. സിറിയയില്‍ വ്യോമ സുരക്ഷാ മേഖല ഒരുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെയും ഇറാനെ നിലയ്ക്കു നിര്‍ത്തുമെന്ന നിലപാടിനെയും സര്‍വ്വാത്മനാ പിന്തുണക്കുന്നതായി സൗദി വ്യക്തമാക്കിയിട്ടുണ്ട്.
സൗദി രാജാവ് സല്‍മാനെ ടെലിഫോണില്‍ വിളിച്ച ട്രംപ് അദ്ദേഹത്തെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചപ്പോള്‍ പുതിയ യു.എസ് പ്രസിഡന്റിനെ തിരിച്ച് സൗദിയിലേക്ക് ക്ഷണിച്ച് രാജാവ് ഔപചാരികതയില്‍ ഒട്ടും കുറവു വരുത്തിയില്ല. തന്റെ പ്രചാരണ കാലത്ത് സൗദി അറേബ്യക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുവന്നയാളാണ് ട്രംപ്. സയണിസവുമായി ഏറ്റവും അടുപ്പം കാണിക്കുന്ന റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റുകളുമായി യോജിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യം റിയാദ് തുടരുമെന്ന് ഉറപ്പ്.
അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ടെലിഫോണില്‍ വിളിച്ച് ഭീകരതക്കെതിരായ പോരാട്ടങ്ങളില്‍ പിന്തുണ തേടിയ ട്രംപിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തൊട്ടു പിന്നാലെ ട്രംപിന്റെ കാടന്‍ കുടിയേറ്റ നിയമത്തെ സമ്പൂര്‍ണമായി പിന്തുണച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും രംഗത്തുവന്നു.
വിസാ നിരോധം മുസ്‌ലിംകള്‍ക്ക് എതിരല്ലെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏതു തീരുമാനവുമെടുക്കാന്‍ അമേരിക്കക്ക് അവകാശമുണ്ടെന്നും അത് ഉപയോഗപ്പെടുത്തുക മാത്രമാണ് ട്രംപ് ചെയ്തതെന്നുമാണ് യു.എ.ഇ നേതാവിന്റെ നിലപാട്. മാത്രമല്ല, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വലിയൊരു ഭാഗവും ട്രംപിന്റെ വിസാ നിരോധത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതിലും അദ്ദേഹം ആശ്വാസം കണ്ടെത്തുന്നു.
സൗദിയും യു.എ.ഇയും മാത്രമല്ല, കുവൈത്തും അഞ്ചു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസാ നിരോധം പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും വാര്‍ത്ത ഗവണ്‍മെന്റ് നിഷേധിക്കുകയുണ്ടായി. സിറിയക്കാര്‍ക്ക് വിസ നല്‍കുന്നത് 2011 മുതല്‍ കുവൈത്ത് നിര്‍ത്തിവെച്ചിരുന്നെങ്കിലും രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇത് ബാധകമാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് ഇറാന്‍ സന്ദര്‍ശിച്ച് തെഹ്‌റാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്ക് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ കത്തും മന്ത്രി കൈമാറുകയുണ്ടായി. സൗദിക്കും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമവും ഈ സന്ദര്‍ശനത്തില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ ഒരെണ്ണം പോലും 2001 സംപ്റ്റംബറിലെ ലോക വ്യാപാര സമുച്ചയ ബോംബിംഗിലോ അതിനുശേഷമോ അമേരിക്കയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമം നടത്തിയിട്ടില്ല.
1979ലെ ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഇറാനുമായി അമേരിക്ക നയതന്ത്ര ബന്ധം വിഛേദിച്ച് ഏതാണ്ട് നാലു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. തെഹ്‌റാനിലെ അമേരിക്കന്‍ എംബസി വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരും പൗരന്മാരുമുള്‍പ്പെടെ 52 പേരെ 444 ദിവസം ബന്ദികളാക്കുകയും ചെയ്തു.
ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും അവരുടെ വിദേശ എക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്താണ് വാഷിംഗ്ടണ്‍ പ്രതികരിച്ചത്. ഇറാഖ് അടിച്ചേല്‍പിച്ച ഏഴു വര്‍ഷം നീണ്ട യുദ്ധത്തില്‍ ഇറാനെതിരെ സദ്ദാം ഹുസൈന്‍ എന്ന ഏകാധിപതിയെ അമേരിക്ക പരസ്യമായി പിന്തുണച്ചു. മാത്രമല്ല, 1988 ജൂലൈ മൂന്നിന് ഇറാന്റെ തുറമുഖ നരമായ ബന്ദര്‍ അബ്ബാസില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിനു നേരെ മിസൈല്‍ തൊടുത്ത് 290 യാത്രക്കാരെ കൊന്നത് അമേരിക്കയായിരുന്നു. കൈപ്പിഴ എന്നായിരുന്നു അതിനു നല്‍കിയ ന്യായീകരണം. ഇതിനു പ്രതികാരം ഇറാന്‍ ചെയ്തതായി അമേരിക്ക ഒരിക്കല്‍ പോലും ആരോപിച്ചിട്ടില്ല.
നഷ്ടപരിഹാരം പോലും അമേരിക്ക നിഷേധിക്കുന്നതിനെതിരെ ഇറാന്‍ യു.എന്നിനെ സമീപിച്ചതും വാര്‍ത്തയായിരുന്നു. വാചകയുദ്ധം തുടര്‍ന്നുവെന്നല്ലാതെ ഇക്കാലമത്രയും ഇറാനിയന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഭാഗമോ സംഘടനകളോ അമേരിക്കയെ ടാര്‍ഗറ്റ് ചെയ്തിട്ടില്ല. അതേസമയം, ഇറാന്റെ പ്രോക്‌സിയെന്ന് അറിയപ്പെടുന്ന ലെബനാനിലെ ഹിസ്ബുല്ല അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്.
യു.എസ് മറീനുകള്‍ക്ക് എതിരെ 1983ല്‍ ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന ബോംബാക്രമണം അതിലൊന്നാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇറാനെതിരെ അമേരിക്ക വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ സ്വന്തമായും യു.എന്നിനെക്കൊണ്ടും നടപ്പാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള ന്യായമായി ആയത്തുല്ല ഖുമൈനിയുടെ ശിഷ്യന്മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇസ്രാഈലിന്റെ കടുത്ത ശത്രുവാണെന്നതാണ് ഇറാനുമേല്‍ ഭീകപട്ടം ചാര്‍ത്താന്‍ അമേരിക്ക കണ്ടെത്തിയ ന്യായം.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് നേരയുണ്ടായ ഭീകരാക്രമണങ്ങള്‍ അമേരിക്കക്ക് എതിരായ യുദ്ധമാണെന്നാണ് ഇത്രയും കാലം ആ രാജ്യവും അവിടത്തെ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത്. അതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാനിലും പിന്നീട് രാസായുധമെന്ന കെട്ടുകഥകളുണ്ടാക്കി ഇറാഖിലുമൊക്കെ അമേരിക്ക അധിനിവേശം നടത്തിയതും പതിനായിരങ്ങളെ കൊന്നതും.
9/11ല്‍ പങ്കെടുത്ത 19 പേരില്‍ പതിനഞ്ചും സൗദി പൗരന്മാരായിരുന്നുവെന്നത് അമേരിക്കയും സൗദിയും യോജിപ്പിലെത്തിയ കാര്യമാണ്. ബാക്കി നാലില്‍ രണ്ടുപേര്‍ യു.എ.ഇ പൗരന്മാരും ശേഷിച്ചവര്‍ ലെബനാന്‍, ഈജിപ്ഷ്യന്‍ പൗരന്മാരുമാണ്. ഒരു രാജ്യത്തെ പൗരന്മാര്‍ വിദേശത്ത് ഭീകരാക്രമണങ്ങള്‍ നടത്തിയാല്‍ ബന്ധപ്പെട്ട രാജ്യമാണ് അതിന് ഉത്തരവാദികളാവുകയെങ്കില്‍ ട്രംപിന്റെ വിലക്ക് പട്ടികയില്‍ വരേണ്ടത് ഈ നാലു രാജ്യങ്ങളാണല്ലോ. അങ്ങനെയുണ്ടായില്ലെന്നു മാത്രമല്ല, മേല്‍ പറഞ്ഞ രാജ്യങ്ങളുമായി ബന്ധം ഊഷ്മളമാക്കാനാണ് ട്രംപിന്റെ പുറപ്പാട്.
ഈജിപ്തിലെ പ്രഥമ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയാണ് സ്ഥാനമേറ്റെടുത്ത ശേഷം ട്രംപ് മൂന്നാമതായി സംസാരിച്ച നേതാവ്. 9/11 ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യന്‍ ഗവണ്‍മെന്റിനെതിരെ കേസ് കൊടുക്കാന്‍ അനുമതി നല്‍കുന്ന ബില്ല് (Justice Against Sponsors of Terrorsim Act – JASTA) ഒബാമയുടെ വീറ്റോ മറികടന്ന് യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയിട്ട് അധികനാളുകള്‍ കഴിഞ്ഞിട്ടില്ല. ബില്ല് നിയമമാക്കിയാല്‍ അമേരിക്കയിലെ 75,000 കോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് സൗദി അറേബ്യ ഭീഷണി മുഴക്കിയതോടെ ബില്ല് മരവിപ്പിച്ച മട്ടാണ്.
അറബ് ലോകത്തെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളാണ് സൗദി അറേബ്യയും യു.എ.ഇയും. അമേരിക്കന്‍ വിപണിയില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങുന്നതും ഈ രണ്ട് രാജ്യങ്ങളാണ്. എല്ലാം ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക സാന്നിധ്യവുമുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായത്തോടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കേന്ദ്രം തുറന്നിട്ടുണ്ട് യു.എ.ഇ. 2010ല്‍ രണ്ട് യു.എസ് കാര്‍ഗോ വിമാനങ്ങള്‍ ബോംബിട്ട് തകര്‍ക്കാനുള്ള നീക്കങ്ങള്‍ സൗദി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെ തകര്‍ത്തതും യു.എ.ഇയായിരുന്നു.
ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സ് താമസിയാതെ യു.എ.ഇയില്‍ ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്നു. വാഷിംഗ്ടണിലെ ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ സ്‌പെയ്‌സ് ബുക്ക് ചെയ്തവരില്‍ ബഹ്‌റൈനും കുവൈത്തുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.എ.യിലേക്കുള്ള വാര്‍ഷിക അമേരിക്കന്‍ കയറ്റുമതി രണ്ടായിരം കോടി ഡോളറിനു മേലെയാണ്. ബോയിംഗ് കമ്പനി ദുബൈയിലെ എമിറേറ്റ്‌സുമായി വന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
മുസ്‌ലിം രാജ്യങ്ങളെ ടാര്‍ഗറ്റ് ചെയ്തുള്ള ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഗോള മുസ്‌ലിം രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി, അറബ് രാജ്യങ്ങളുടെ വേദിയായ അറബ് ലീഗ് എന്നിവയെ ചുമതലപ്പെടുത്തുകയും സ്വന്തം നിലയ്ക്ക് ട്രംപിനെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്ന, മുയലിനോടൊപ്പം സഞ്ചരിക്കുകയും വേട്ടനായ്ക്കള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന സമീപനമാണ് പല മുസ്‌ലിം രാജ്യങ്ങളും കൈക്കൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയിലെ മൊത്തം അംഗ രാജ്യങ്ങളുടെ നാലിലൊന്ന് വരും 57 രാജ്യങ്ങളുടെ വേദിയായ ഒ.ഐ.സി. ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ ഇവര്‍ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചാല്‍ തീരാവുന്നതേയുള്ളു പ്രശ്‌നം. പക്ഷേ, പരസ്പരം പോരടിക്കലാണ് പല അംഗ രാജ്യങ്ങളുടെയും പണി. സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും സഹോദര രാജ്യങ്ങളെ ഒറ്റുകൊടുക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. മറിച്ചായിരുന്നെങ്കില്‍ സിറിയയും ഇറാഖും യമനും ഈജിപ്തും, മ്യാന്‍മറും ലോകത്തിന്റെ വേദനയാകുമായിരുന്നില്ല.