ന്യൂദല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ അതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വിദേശകാര്യമന്ത്രി ട്രംപിന്റെ പ്രസ്താവന തള്ളിയെങ്കിലും ഇതില്‍ ഏത് വിശ്വസിക്കണമെന്നറിയാത്ത സാഹചര്യമാണെന്നും യെച്ചൂരി പറഞ്ഞു.
‘ഇന്നലെ പാര്‍ലമെന്റില്‍ ട്രംപിന്റെ പ്രസ്താവന വിദേശകാര്യമന്ത്രി തള്ളിയിരുന്നു. പക്ഷെ രണ്ട് പരാമര്‍ശങ്ങളും തമ്മില്‍ വൈരുധ്യങ്ങളുണ്ട്. സത്യമെന്താണെന്ന് അറിയണം’
കാശ്മീര്‍ വിഷയം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും അതില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ല എന്നുള്ളതുമാണ് ഇന്ത്യയുടെ നേരത്തെയുള്ള നിലപാടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കശ്മീര്‍ പ്രശ്‌നപരിഹാരത്തില്‍ മധ്യസ്ഥതവഹിക്കാമോയെന്ന് നരേന്ദ്രമോദി തന്നോട് ചോദിച്ചെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യു.എസ്. സന്ദര്‍ശനവേളയിലാണു ട്രംപ് പറഞ്ഞത്. ജപ്പാനിലെ ഒസാക്കയില്‍ ജി-20 ഉച്ചകോടിക്കിടെയാണ് മോദി ഇക്കാര്യം ചോദിച്ചതെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
WATCH THIS VIDEO: