അറുപത് ലക്ഷം ആളുകള്‍ - ട്രംപിന്റെ വില
Donald Trump's India Visit
അറുപത് ലക്ഷം ആളുകള്‍ - ട്രംപിന്റെ വില
ഫാറൂഖ്
Wednesday, 26th February 2020, 11:03 am
അമേരിക്കക്കാര്‍ക്ക് കോഴിക്കാലുകള്‍ വലിയ ഇഷ്ടമല്ലാത്തത് കൊണ്ട് കോഴിയുടെ ബാക്കി ഭാഗങ്ങള്‍ അവര്‍ തിന്ന് കാല് മാത്രം ഇന്ത്യയിലേക്ക് കയറ്റും. നമുക്ക് അമേരിക്കന്‍ കോഴി പൊരിച്ചത് തിന്നാനുള്ള ഭാഗ്യം ഉടനെ തന്നെ ഉണ്ടാകും. അമേരിക്കന്‍ പാലും പാല്‍പ്പൊടിയും കൂടെ വരും.

മില്യണ്‍ എന്നാല്‍ പത്തു ലക്ഷമാണെന്നും ബില്യണ്‍ എന്നാല്‍ നൂറു കോടി ആണെന്നും മിക്കവാറും ഇന്ത്യക്കാര്‍ക്കാര്‍ക്കും അറിയില്ല. മാത്രമല്ല മില്യണ്‍ എന്നാല്‍ ലക്ഷമാണെന്നും ബില്യണ്‍ എന്നാല്‍ കോടിയാണെന്നും വിശ്വസിക്കുന്നവരും ധാരാളം ഉണ്ട്. അതൊരു കുഴപ്പമല്ല, കാരണം നമ്മുടെ എണ്ണല്‍ രീതി അങ്ങനെയല്ല.

അതുപോലെ ലക്ഷവും കോടിയും എന്താണെന്നു സായിപ്പന്മാര്‍ക്കും അറിയില്ല. ലാക്ക്, ക്രോര്‍ എന്നിങ്ങനെ രണ്ടു ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കാറുണ്ട് എന്ന വിവരവും സായിപ്പന്മാര്‍ക്ക് അറിയില്ല. ഓരോരുത്തര്‍ക്ക് ഓരോ രീതി, അത്രയേയുള്ളൂ.

തന്നെ സ്വീകരിക്കാന്‍ ഇന്ത്യയില്‍ ഇന്ത്യയില്‍ അറുപത് മുതല്‍ നൂറു ലക്ഷം വരെ (ആറു മുതല്‍ പത്തു മില്യണ്‍ വരെ) ആളുകള്‍ ഒരു സ്റ്റേഡിയത്തില്‍ തടിച്ചു കൂടുമെന്ന് മോദി തന്നോട് പറഞ്ഞതായി ട്രംപ് അമേരിക്കയില്‍ എല്ലായിടത്തും പറഞ്ഞു നടക്കുന്നുണ്ട്.

സംഭവം ഇങ്ങനെയാവാനെ വഴിയുള്ളൂ. ട്രംപിനെ ക്ഷണിക്കുമ്പോള്‍ മോദി ആറു മുതല്‍ പത്തു ലക്ഷം വരെ ആളുകള്‍ ഒരു സ്റ്റേഡിയത്തില്‍ തടിച്ചു കൂടും എന്ന് പറഞ്ഞിരിക്കും. പത്തമ്പത്തിനായിരം ആള്‍ക്കാര്‍ വരുന്നതിനെ രാഷ്ട്രീയക്കാര്‍ ആറു ലക്ഷം പേര്‍ എന്നൊക്ക പറയും, അതൊരു തെറ്റായി ആരും കരുതില്ല. ട്രംപിന് ലക്ഷം എന്നാല്‍ എത്രയാണെന്ന് അറിയാത്തത് കൊണ്ട് ‘യു മീന്‍ മില്യണ്‍ ?’ എന്ന് മോദിയോട് തിരിച്ചു ചോദിച്ചിരിക്കും. ‘ യെസ് , മില്യണ്‍ ‘ എന്ന് മോദി മറുപടിയും പറഞ്ഞിരിക്കും.

മില്യണ്‍ എന്നാല്‍ ലക്ഷം ആണെന്ന് കരുതുന്ന അനേകം ഇന്ത്യക്കാരില്‍ ഒരാളായിരിക്കും മോദി . അതിനു ശേഷം ആറ് മില്യണ്‍ ആള്‍ക്കാര്‍ തന്നെ സ്വീകരിക്കാന്‍ വരും എന്നും പറഞ്ഞു നടപ്പാണ് ട്രംപ്.

നയതന്ത്ര ഉദ്യോഗസ്ഥാന്മാരുടെ കാര്യമാണ് കഷ്ടം. ഇത് വിശദീകരിക്കാന്‍ പോയാല്‍ രണ്ടിലൊരാള്‍ മണ്ടനാണെന്ന് നാട്ടുകാരറിയും. വിശദീകരിച്ചില്ലെങ്കില്‍ അറുപത് ലക്ഷം പേര് വരുമെന്ന് പറഞ്ഞ പരിപാടിയില്‍ അമ്പതിനായിരം പേരെ വന്നുള്ളൂ എന്ന് അമേരിക്കന്‍ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തും. എന്തായാലും സംഗതി നാറും, അതുകൊണ്ട് ട്രംപ് ഒഴികെ ആരും ഒന്നും മിണ്ടുന്നില്ല ഇപ്പോള്‍.

ട്രംപിനെ സ്വീകരിക്കാന്‍ എത്ര കൂടുതല്‍ ആളുകള്‍ പോകുന്നോ, നമ്മള്‍ രാജ്യസ്‌നേഹികള്‍ക്ക് അത്രയും കൂടുതല്‍ സന്തോഷം ആവേണ്ടതാണ്. മതില്‍ കെട്ടി മറച്ച അഹമ്മദാബാദിലെ ചേരികളിലെയോ, കഴിഞ്ഞ രണ്ടു കൊല്ലമായി തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൂറത്തിലെ പാവങ്ങള്‍ക്കോ ഒരു ദിവസം ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും കിട്ടുമെങ്കില്‍ നമുക്ക് സന്തോഷമേ ഉള്ളു. ചിക്കന്‍ ബിരിയാണി എന്ന് കേരളത്തിന്റെ ഒരു രീതി വച്ച് പറഞ്ഞതാണ്, ഗുജറാത്തില്‍ ചിക്കന്‍ ബിരിയാണി കൊടുക്കാന്‍ വഴിയില്ല.

നമ്മുടെ പ്രശനം അതല്ല. ട്രംപ് വഴി നമുക്കുണ്ടാകാന്‍ പോകുന്ന തൊഴില്‍ നഷ്ടങ്ങളാണ്. ട്രംപിന്റെ കഴിഞ്ഞ എലെക്ഷന്‍ വാഗ്ദാനങ്ങളില്‍ രണ്ടാമത്തേതായിരുന്നു ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കക്ക് ഉള്ള ട്രേഡ് ഡെഫിസിറ്റ് (വ്യാപാര കമ്മി) ഇല്ലാതാക്കുക എന്നത്. ഒന്നാമത്തേത് മതില്‍ കെട്ടല്‍. വ്യാപാരക്കമ്മി എന്ന് പറഞ്ഞാല്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ എത്രയോ കൂടുതല്‍ കയറ്റുമതി ചെയ്യുന്നുണ്ട് എന്നര്‍ത്ഥം. വിശദമാക്കിയാല്‍, ഇന്ത്യക്ക് കയറ്റുമതിയിലൂടെ കിട്ടുന്നത്ര ഡോളര്‍ ഇന്ത്യ ഇറക്കുമതിയിലൂടെ അമേരിക്കക്ക് തിരിച്ചു നല്‍കുന്നില്ല. അതാണ് ട്രംപ് പറയുന്ന വ്യാപാര കമ്മി.

ട്രംപിനെ നാട്ടുകാര്‍ ട്രാന്‌സാക്ഷണല്‍ പ്രസിഡന്റ് എന്നാണ് പറയുക, എന്ന് വച്ചാല്‍ എനിക്കെത്ര നിനക്കെത്ര എന്നത് മാത്രമാണ് നോട്ടം. ഇന്ത്യക്കാണെങ്കില്‍ അമേരിക്കയുമായുള്ള വ്യാപാരക്കമ്മി വളരെ പ്രധാനവുമാണ്. കാരണം യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന വിദേശ കറന്‍സി ഒഴിച്ച് നിര്‍ത്തിയാല്‍ ഇങ്ങനെ ലഭിക്കുന്ന ഡോളര്‍ വഴിയാണ് ഇന്ത്യ എണ്ണ, മൊബൈല്‍ ഫോണ്‍, എല്‍.സി.ഡി തുടങ്ങി ചൈനീസ് പടക്കം മുതല്‍ ഗണപതി വിഗ്രഹം വരെ ഇറക്കുമതി ചെയ്യുന്നത്.

ഈ വരുമാനത്തിനാണ് ട്രംപ് കഴിഞ്ഞ കൊല്ലം ഇടങ്കോല്‍ വച്ചത്. കഴിഞ്ഞ വര്‍ഷം ട്രംപ് ഇടപെട്ട് ജി.എസ്.പി എന്ന ആനുകൂല്യം ലോക വ്യാപാര സംഘടനയെ കൊണ്ട് പിന്‍വലിപ്പിച്ചു.

സംഭവം ഇതാണ്, അവികസിത രാജ്യങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങള്‍ കൊടുക്കുന്ന ഒരു ആനുകൂല്യമാണ് ജി.എസ്.പി. ഈ ആനുകൂല്യമുള്ള രാജ്യങ്ങളില്‍ നിന്ന് സമ്പന്ന രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തുച്ഛമായ നികുതിയെ ഈടാക്കാന്‍ പാടുള്ളൂ. പാവങ്ങള്‍ കഞ്ഞി കുടിച്ചു പൊയ്‌ക്കോട്ടേ എന്ന് കരുതിയുള്ള ഒരേര്‍പ്പാടാണ്.

ഉദാഹരണം ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയും യൂറോപ്പും ജപ്പാനും ഒന്നും കാര്യമായി നികുതി ഏര്‍പെടുത്തിയിരുന്നില്ല. അവിടുത്തുകാര്‍ പൊതുവെ ദിവസക്കൂലി മുതലാകാത്തതു കൊണ്ട് ഈ ജോലികള്‍ ചെയ്യാറുമില്ല.

ഇക്കൊല്ലം മുതല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ അവിടുത്തെ ഇറക്കുമതിക്കാര്‍ ഏകദേശം പത്തു ശതമാനം നികുതി കൊടുക്കണം. ജി.എസ്.പി എടുത്തു കളഞ്ഞത് കൊണ്ടാണത്. ജി.എസ്.പി എടുത്തു കളഞ്ഞത് ഇന്ത്യ വന്‍ശക്തി ആകാന്‍ പോകുന്നതിന്റെ അംഗീകാരമാണെന്നാണ് ആദ്യം സംഘപരിവാറുകാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത്.

പക്ഷെ സൂറത്തിലെയും തിരുപ്പൂരിലെയും പൂനെയിലെയും തുണി കയറ്റുമതിക്കാര്‍ക്കുള്ള ഓര്‍ഡറുകള്‍ ഒന്നൊന്നായി ക്യാന്‍സല്‍ ആകാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ബേജാറിലായി.

ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ ബംഗ്ലാദേശ്, കമ്പോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന തുണികളേക്കാള്‍ പത്തോ പതിനഞ്ചോ ശതമാനം വില കൂടുതലാണ് ഇന്ത്യന്‍ തുണികള്‍ക്ക്. മറ്റുല്‍പ്പന്നങ്ങള്‍ക്കും തഥൈവ. കഴുത്തറപ്പന്‍ മത്സരം നിലനില്‍ക്കുന്ന അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ ഈ വിലവ്യതാസം ഇന്ത്യന്‍ ഉത്പന്നങ്ങളെ ഏതാണ്ട് നിഷ്‌കാസനം ചെയ്യും എന്നുറപ്പ്.

ക്വാളിറ്റി കൂടുതലുള്ള ഉത്പന്നങ്ങളാണ് നമ്മുടേതെന്ന് ഏതായാലും നമുക്ക് പണ്ടേ അവകാശവാദമില്ല, ഇപ്പോള്‍ വിലക്കൂടുതലും, പിന്നാര് വാങ്ങാനാണ്.

കയറ്റുമതി മേഖലയില്‍ കൂട്ടപിരിച്ചു വിടലിനാണ് ജി.എസ്.പി പിന്‍വലിക്കുന്നതിലൂടെ നടക്കാന്‍ പോകുന്നത് എന്ന് മനസ്സിലായ മോദി സര്‍ക്കാര്‍ ട്രംപിനെ കൊണ്ട് ആ തീരുമാനം എങ്ങനെയെങ്കിലും റദ്ദാക്കിക്കാനുള്ള പരക്കം പാച്ചിലിലാണ്, അതിനാണ് ഈ അറുപത് ലക്ഷം ജനങ്ങളുടെ റാലി.

പക്ഷെ ട്രംപ് കാഞ്ഞ മുതലാണ്, ഈ ഗ്യാപിലൂടെ കുറെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമത്തിലാണദ്ദേഹം. കോഴിക്കാലുകളും പാലുല്‍പ്പന്നങ്ങളും അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ നീക്കാം എന്ന് ഇന്ത്യ സമ്മതിച്ചു കഴിഞ്ഞു. അമേരിക്കക്കാര്‍ക്ക് കോഴിക്കാലുകള്‍ വലിയ ഇഷ്ടമല്ലാത്തത് കൊണ്ട് കോഴിയുടെ ബാക്കി ഭാഗങ്ങള്‍ അവര്‍ തിന്ന് കാല് മാത്രം ഇന്ത്യയിലേക്ക് കയറ്റും. നമുക്ക് അമേരിക്കന്‍ കോഴി പൊരിച്ചത് തിന്നാനുള്ള ഭാഗ്യം ഉടനെ തന്നെ ഉണ്ടാകും. അമേരിക്കന്‍ പാലും പാല്‍പ്പൊടിയും കൂടെ വരും.

അതിനിടക്ക് 2.6 ബില്യണ്‍ ഡോളറിന്റെ മിലിറ്ററി ഉത്പന്നങ്ങള്‍ ഇന്ത്യ കഴിഞ്ഞ മാസം അമേരിക്കയില്‍ നിന്നും വാങ്ങി, എന്ന് പറഞ്ഞാല്‍ അത്രയും കാശ് ട്രംപ് നമ്മളോട് പിടുങ്ങി. യാത്ര ചെലവിനായിരിക്കും.

ഈ വരവില്‍ വ്യാപാരക്കരാര്‍ ഒപ്പിടുമെന്നു മോഹിപ്പിച്ചായിരുന്നു ഈ അക്രമമൊക്കെ. ഇപ്പൊ പറയുന്നത് ആദ്യം കാശ്മീര്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം അത് കഴിഞ്ഞിട്ട് വ്യാപാരം എന്നാണ്. മനുഷ്യാവകാശം ട്രംപിന്റെ താല്പര്യ വിഷയമല്ല എന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. പക്ഷെ അമേരിക്ക ഒരു കളം മുന്നോട്ടു നീക്കി കളിക്കുകയാണ്, ഇന്ത്യയെ ഇനിയും പ്രതിരോധത്തിലാക്കണം എന്നത് മാത്രമാണ് ഉദ്ദേശം.

പത്തമ്പതു കൊല്ലം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയതിന് ശേഷമാണ് ട്രംപ് പ്രസിഡന്റായത്, ആര്‍ട് ഓഫ് ഡീല്‍ എന്ന ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. എങ്ങനെ വിലപേശാം എന്നതാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. അമേരിക്കയില്‍ ഏറ്റവും വില്‍ക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്.

ശാഖയില്‍ മുളവടി കറക്കിയാണ് മോദി പ്രധാനമന്ത്രിയായത്. എങ്ങനെ പരീക്ഷ എഴുതാം എന്ന് വിശദമാക്കുന്ന ഒരു പുസ്തകം സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. ആരെങ്കിലും വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഇവര്‍ തമ്മില്‍ വിലപേശുമ്പോള്‍ നെഞ്ചിടിക്കുന്നത് സൂറത്തിലെയും തിരുപ്പൂരിലെയും ദിവസക്കൂലിക്കാര്‍ക്കാണ്.

അറുപത് ലക്ഷം പേര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും കിട്ടുമല്ലോ എന്നതാണ് ഏക ആശ്വാസം !

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

WATCH THIS VIDEO:

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ