വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവ് ബാധിച്ചത് വിദേശത്തു നിന്നുമെത്തുന്ന കുടിയേറ്റക്കാരേയും മുസ്ലീമുകളേയും മാത്രമല്ല. കായിക രംഗത്തേയും കൂടിയാണ്. അമേരിക്കയുടെ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരമായ ഫഹദ് ബാബറിന്റെ ജീവിതത്തിലാണ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമം സഡന്‍ ബ്രേക്കിട്ടത്.
യു.എസ്.എയുടെ ബാറ്റ്‌സ്മാനായ ഫഹദ് വെസ്റ്റ് ഇന്‍ഡീസിലെ റീജിയണല്‍ സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കെയാണ് ട്രംപിന്റെ വിവാദ ഉത്തരവ് വരുന്നത്. കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പുതിയ ഉത്തരവ് മൂലം തനിക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുമോ എന്ന് ഭയന്ന് ഫഹദ് കളിയവസാനിപ്പിച്ച് ഉടനെ തന്നെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഐ.സി.സി അമേരിക്കന്‍സിന് വേണ്ടി കളിക്കുന്ന ഫഹദ് രണ്ട് മത്സരങ്ങള്‍ കളിക്കുകയും ടീമിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കയും ചെയ്ത് കഴിഞ്ഞിരുന്നു ട്രംപിന്റെ ഉത്തരവ് വരുമ്പോള്‍. പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് ഫഹദ്. അതിനാല്‍ പുതിയ അഭയാര്‍ത്ഥി നയം താരത്തിന് ഭീഷണിയായേക്കാം എന്ന് വക്കീലിന്റെ മുന്നറിയിപ്പ് കിട്ടിയതിന് പിന്നാലെയാണ് ഫഹദ് തിരികെ മടങ്ങിയത്.
മുസ്ലീം രാജ്യമായ പാകിസ്താനേയും ട്രംപ് വിലക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് ഫഹദിന്റെ കരിയറിന് തന്നെ ഭീഷണിയായിരിക്കുന്നത്. കറാച്ചിക്കാരനായ താരം ഐ.സി.സിയുടെ എഴ് വര്‍ഷ പൗരത്വ നിയമമനുസരിച്ചാണ് യു.എസ്.എയ്ക്ക് വേണ്ടി കളിക്കുന്നത്.
അമേരിക്കയുടെ ഏറ്റവും വിലയേറിയ താരമായാണ് ഫഹദിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിലക്ക് തുടര്‍ന്നാല്‍ അത് താരത്തിന്റേയും ടീമിന്റേയും ഭാവിയെ സാരമായി തന്നെ ബാധിക്കും.