വാഷിങ്ടൺ: ഉക്രൈൻ- അമേരിക്ക ബന്ധത്തിൽ വീണ്ടും വിള്ളൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും നടത്തിയ കൂടിക്കാഴ്ച പരാജയപ്പെടുകയും ഇരുവരും തമ്മിൽ വാക്‌പോര് ഉണ്ടാവുകയും ചെയ്തു.
വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എന്നിവർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്‌പോര് ഉണ്ടായത്. സംഘർഷത്തെ തുടർന്ന് ട്രംപ് സെലെൻസ്‌കിയോട് വൈറ്റ് ഹൗസിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയും പിന്നാലെ യു.എസ് സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.
തുടർന്ന് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഉക്രൈനെ അടുപ്പിക്കുമെന്ന് ട്രംപ് പറഞ്ഞ ധാതു കരാറിൽ ഒപ്പുവയ്ക്കുന്നത്തിൽ നിന്നും സെലിൻസ്കി പിൻവാങ്ങി. ട്രംപുമായുള്ള സന്ദർശന വേളയിൽ, യു.എസിന് ഉക്രൈനിലെ അപൂർവ ധാതുക്കൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാറിൽ സെലെൻസ്‌കി ഒപ്പുവെക്കുമെന്നും സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു, എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കൾ തമ്മിലുള്ള വാക്പോരിനെ തുടർന്ന് കരാർ ഉപേക്ഷിക്കുകയായിരുന്നു.
ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന 10 മിനിറ്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്‌കിയും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
‘നിങ്ങൾ മൂന്നാം ലോകമഹായുദ്ധം നടത്താൻ ശ്രമിക്കുകയാണ്, നിങ്ങൾ ചെയ്യുന്നത് നിങ്ങളെ പിന്തുണച്ച ഈ രാജ്യത്തോട് അനാദരവ് കാണിക്കുകയാണ്,’ ട്രംപ് സെലെൻസ്‌കിയോട് പറഞ്ഞു.
അതേസമയം കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ സെലൻസ്കി ഒരു പങ്കാളി എന്ന നിലയിൽ അമേരിക്കയെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. ട്രംപ് യഥാർത്ഥത്തിൽ തങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആക്രമണത്തിനെതിരെ സുരക്ഷാ ഉറപ്പ് ലഭിക്കുന്നതുവരെ ഉക്രൈൻ റഷ്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടില്ലെന്ന് സെലെൻസ്‌കി പറഞ്ഞതായി അസ്സോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
Content Highlight: Trump, Zelensky and Vance get into heated argument in Oval Office