വാഷിംഗ്ടണ്‍: കൊവിഡ് രോഗത്തെപ്പറ്റി ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ലോകനേതാവാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി പഠന റിപ്പോര്‍ട്ട്. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച സാഹചചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്.
കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ഭാഷയിലിറങ്ങിയ 38 മില്യണ്‍ പ്രസിദ്ധീകരണങ്ങളാണ് പഠനവിധേയമാക്കിയത്. 2020 ജനുവരി മുതല്‍ മെയ് 26 വരെയുള്ള സമയത്ത് പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് അശാസ്ത്രീയ വിവരങ്ങള്‍ നല്‍കിയ 522,472 ലേഖനങ്ങളാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇന്‍ഫോഡെമിക് എന്നാണ് ലോകാരോഗ്യ സംഘടന മാധ്യമങ്ങളുടെ ഈ പ്രവണതയെ വിശേഷിപ്പിച്ചത്.
അതില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട വിവരം കൊറോണ വൈറസ് ചൈനയുടെ നിര്‍മ്മിതിയാണെന്നതാണ്. ലോകത്തിനു നേരെ ചൈന നടത്തിയ ജൈവയുദ്ധമാണ് കൊറോണ വൈറസ് എന്നായിരുന്നു ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളിലുമുണ്ടായിരുന്നത്.
തുടര്‍ന്നുള്ള പഠനത്തിലാണ് വൈറസിനെ പറ്റിയുള്ള തെറ്റായപ്രചരണങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റാണെന്ന വിവരങ്ങള്‍ കണ്ടെത്തിയത്. പൊതുവേദികളില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളുള്‍പ്പടെ പഠനത്തിന് വിധേയമാക്കിയിരുന്നു.
അദ്ഭുത രോഗശാന്തി എന്ന വിഭാഗത്തിലാണ് ട്രംപിന്റെ വാദങ്ങള്‍ ഗവേഷകര്‍ തരംതിരിച്ചത്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാതെ പ്രതിരോധ മാര്‍ഗ്ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും ജനങ്ങളില്‍ രോഗത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെ തുരത്താന്‍ അണുനാശിനി കഴിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ടത്. പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോ ക്വിനൈനെപ്പറ്റിയും സമാനമായ പ്രസ്താവന ട്രംപ് നടത്തിയിരുന്നു.
‘ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പ്രസ്താവിക്കുന്നു, കൊറോണ വൈറസിനെപ്പറ്റി ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയ നേതാവാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്’- കോണ്‍വെല്‍ പഠനത്തില്‍ പറയുന്നു.
‘ഇത്തരം വ്യാജപ്രചരണങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളക്കാനെ സഹായിക്കുകയുള്ളു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നയാണിവ’- പഠനത്തിന് നേതൃത്വം നല്‍കിയ സാറ ഇവാനെഗ പറഞ്ഞു.
കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബോറട്ടറിയില്‍ നിര്‍മ്മിച്ചെന്ന വിവരമാണ് ചില പ്രസിദ്ധീകരണങ്ങളില്‍ കണ്ടെത്തിയത്. അശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രചരണങ്ങളെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.
ചൈനയിലെ ജനങ്ങള്‍ വവ്വാലിന്റെ ഇറച്ചികൊണ്ടുള്ള സൂപ്പാണ് കഴിക്കുന്നതെന്നും ഇതുവഴിയാണ് കൊവിഡ് വൈറസ് വ്യാപകമായതെന്നുമായിരുന്നു മറ്റൊരു പ്രചരണം.
ലോകത്ത് പുതിയ സാമ്പത്തിക ക്രമം കൊണ്ടുവരാന്‍ ചൈന നടത്തിയ പുതിയ വഴിയാണ് കൊറോണ വൈറസെന്നും ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളിലും കണ്ടെത്തിയതായി കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു.
അമേരിക്ക കൂടാതെ ബ്രിട്ടണ്‍, ഇന്ത്യ, അയര്‍ലന്റ്, ഓസ്‌ട്രേലിയ,ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളെയും പഠനത്തിലുള്‍പ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Trump Worlds Biggest Driver Of Misinformation On Covid 19