World News
ജോ ബൈഡനുള്ള ഇന്റലിജന്‍സ് ബ്രീഫിങ്ങും സുരക്ഷയും പിന്‍വലിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 08, 04:57 am
Saturday, 8th February 2025, 10:27 am

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുള്ള സുരക്ഷ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതിനുള്ള വഴി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

ജോ ബൈഡന് ഇനി രഹസ്യവിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കേണ്ട ആവശ്യമില്ലെന്നും ബൈഡന് നിലവില്‍ ലഭിക്കുന്ന സുരക്ഷയും ഇന്റലിജന്‍സ് ബ്രീഫിങ്ങും റദ്ദാക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

കഴിഞ്ഞ ടേമില്‍ ജോ ബൈഡന്‍ തനിക്കെതിരെ സ്വീകരിച്ച നടപടി ഇത് തന്നെയായിരുന്നുവെന്നും ഇത് തന്നെയാണ് താന്‍ പിന്തുടരുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

2021ല്‍ 45ാമത് പ്രസിഡന്റായിരുന്ന താന്‍ ദേശീയ സുരക്ഷയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആക്‌സസ് ചെയ്യുന്നത് തടയാനായി ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് പ്രസിഡന്റായതോടെ ബൈഡന്‍ അത് നടപ്പിലാക്കിയെന്നും ട്രംപ് പറഞ്ഞു.

സെന്‍സിറ്റീവായ വിവരങ്ങളുടെ കാര്യത്തില്‍ ബൈഡനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് രഹസ്യവിവരങ്ങള്‍ ലഭിക്കുന്ന വഴി റദ്ദാക്കുകയാണെന്നും ട്രംപ് പറഞ്ഞു.

2021ല്‍ ബൈഡന്‍ അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് അനിയന്ത്രിതമായി പെരുമാറുന്നുവെന്നും രഹസ്യവിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നും കാണിച്ചായിരുന്നു ബൈഡന് അന്ന് ട്രംപിന് വിവരങ്ങള്‍ ലഭിക്കുന്നത് നിര്‍ത്തിവെച്ചത്.

ട്രംപിന് ഇന്റലിജന്‍സ് ബ്രീഫിങ് ലഭിക്കേണ്ട ആവശ്യകതയില്ലെന്നും എന്തെങ്കിലും പറയുമെന്ന വസ്തുതയല്ലാതെ മറ്റൊന്നും ട്രംപിന് പറയാന്‍ കഴിയില്ലെന്നും അന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

Content Highlight: Trump withdraws intelligence briefing and security for Joe Biden