| Sunday, 10th November 2024, 1:23 pm

സ്വിങ് സ്റ്റേറ്റായ അരിസോണയിലും ട്രംപിന് ജയം; ആകെ ഇല്കടറല്‍ വോട്ടുകളുടെ എണ്ണം 312 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് നടന്ന യു.എസ് തെരഞ്ഞെടുപ്പില്‍ 270 വോട്ടുകള്‍ നേടി ഭരണം ഉറപ്പിച്ചെങ്കിലും ഫലം വരാന്‍ ബാക്കിയുണ്ടായിരുന്ന അരിസോണയിലും വിജയം സ്വന്തമാക്കി ഡൊണാള്‍ഡ് ട്രംപ്. ഇതോടെ ഏഴ് സ്വിങ് സ്‌റ്റേറ്റുകളില്‍ ഏഴിലും ട്രംപ് വിജയം ഉറപ്പിച്ചു.

അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവയാണ് ഏഴ് സ്വിങ് സ്‌റ്റേറ്റുകള്‍.

ഇതോടെ ട്രംപിന് ലഭിച്ച ആകെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം 312 ആയി ഉയര്‍ന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരിസിന് 226  ഇല്കടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അരിസോണയില്‍ മാത്രം 11 ഇലക്ടറല്‍ കോളേജ് വോട്ടുകളാണുള്ളത്.

അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം തിരിച്ച് പിടിച്ചു. ഇനി ഉപരിസഭയായ ഹൗസ് ഓഫ് റെപ്രസന്‍ന്റേറ്റീവ്‌സിലെ അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. നിലവില്‍ റിപ്പബ്ലിന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 52 സീറ്റുകളും ഡെമോക്രാറ്റുകള്‍ക്ക് 47 സീറ്റുകളുമാണുള്ളത്.

2020ല്‍ ജോ ബൈഡന്റെ വിജയത്തോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടി അരിസോണയില്‍ വിജയിച്ചിരുന്നു. ഇതാണ് വീണ്ടും നഷ്ടമായത്. അതിന് മുമ്പ്‌ 1996ല്‍ ബില്‍ ക്ലിന്റണാണ് അരിസോണയില്‍ അവസാനമായി വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി.

അതിര്‍ത്തി സംസ്ഥാനമായ അരിസോണയില്‍ സുരക്ഷ, കുടിയേറ്റം, കുടിയേറ്റക്കാര്‍ പങ്കാളികളായ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ഇവയ്ക്ക് പുറമെ യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പട്രോളിങ്ങിനായി 10,000 ഏജന്റുമാരെ അധികമായി നിയമിക്കുമെന്നും സൈനിക ബജറ്റില്‍ അതിര്‍ത്തി സംരക്ഷണത്തിനായി കൂടുതല്‍ പണം വിനിയോഗിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

ജനുവരി 20നാണ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Content Highlight: Trump wins in Arizona swing state

We use cookies to give you the best possible experience. Learn more