| Monday, 9th October 2017, 11:15 pm

ട്രംപിനെതിരെ പാളയത്തില്‍ പട; ട്രംപ് മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ സെനറ്റംഗം ബോബ് കോര്‍ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റംഗം ബോബ് കോര്‍ക്കര്‍. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള കോര്‍ക്കറിന്റെ വിമര്‍ശനം.

ഉത്തര കൊറിയ, ഇറാനുമായുള്ള ആണവകരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അസ്വസ്ഥത പുകയുകയാണെന്നു വ്യക്തമാക്കുന്നതാണു കോര്‍ക്കറിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നത്. സെനറ്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാന്‍ കൂടിയായ കോര്‍ക്കര്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്നു.


Also Read: ഇതരസംസ്ഥാന തൊഴിലാളികള്‍ മലയാളികള്‍ക്ക് സഹോദരന്മാരെ പോലെ; കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി


വൈസ് പ്രസിഡന്റ്- സ്റ്റേറ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അന്ന് ഇദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടെങ്കിലും പിന്നീട് തഴയപ്പെട്ടു. അടുത്തിടെയാണു റിപ്പബ്ലിക്കന്‍ പാളയത്തിലെ ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകരുടെ കൂട്ടത്തിലേക്കു കോര്‍ക്കറും എത്തിയത്.

പ്യോങ്യാങ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്കു വിവിധ വഴികളുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരകൊറിയയുമായി ഇനി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന റെക്‌സിനെപ്പോലുള്ളവര്‍ക്കാണു തന്റെ പിന്തുണയെന്നും കോര്‍ക്കര്‍ പറഞ്ഞു. അതേസമയം, ഇറാനുമായുള്ള ആണവകരാറും ട്രംപിന്റെ പുതിയ നികുതി പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും പാസാകണമെങ്കില്‍ കോര്‍ക്കറുടെ വോട്ടും നിര്‍ണായകമാണ്.

We use cookies to give you the best possible experience. Learn more