ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അങ്ങേയറ്റത്തെ അസഭ്യപരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്: വാര്‍ത്ത നിഷേധിക്കാതെ വൈറ്റ് ഹൗസ്
US politics
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അങ്ങേയറ്റത്തെ അസഭ്യപരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്: വാര്‍ത്ത നിഷേധിക്കാതെ വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2018, 10:34 am

 

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ പൊതുസ്ഥലത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള അസഭ്യ പരാമര്‍ശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന ഒരു കൂടിക്കാഴ്ചയില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോടാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.

എന്തിനാണ് ഇത്തരം “ഷിറ്റ്‌ഹോള്‍” രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാരം യു.എസ് പേറുന്നതെന്നാണ് ട്രംപ് ചോദിച്ചത്.

“ഈ ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കുവരുന്ന ജനങ്ങളെയെല്ലാം നമ്മളെന്തിനാണ് പേറുന്നത്?” എന്നാണ് ട്രംപ് ചോദിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഹെയ്ത്തിയന്‍സിനെയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്ക് ഉപയോഗിച്ചത്.

“എന്തിനാണ് ഇനിയും ഹെയ്ത്തിയന്‍സ്? അവരെ പുറത്താക്കൂ,” എന്നാണ് യോഗത്തില്‍ അദ്ദേഹം പറഞ്ഞതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നോര്‍വെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളെ കൂടുതലായി സ്വാഗതം ചെയ്യുകയാണ് യു.എസ് ചെയ്യേണ്ടതെന്നും യോഗത്തില്‍ ട്രംപ് പറഞ്ഞു.

ആയിരക്കണക്കിന് യുവ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെയുണ്ടാക്കിയ ഉഭയകക്ഷി ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ രണ്ട് സെനറ്റര്‍മാര്‍ അവതരിപ്പിച്ചപ്പോഴാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് ഇതുവരെ നിഷേധിച്ചിട്ടുമില്ല.