യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടും: ഭീഷണിയുമായി ട്രംപ്
World
യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടും: ഭീഷണിയുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2019, 11:40 am

 

ന്യൂയോര്‍ക്ക്: യുദ്ധത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടുമെന്നും മുന്നറിയിപ്പു നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍.ബി.സിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനുമായി ചര്‍ച്ചയ്ക്ക് യു.എസ് തയ്യാറാണ്. എന്നാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടന്നതിനു പിന്നാലെ യു.എസിനും ഇറാനും ഇടയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ആണവ പദ്ധതിയില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പരിധി ഉടന്‍ മറികടക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തിനു പിന്നാലെ കഴിഞ്ഞദിവസം ഇറാനിയന്‍ അതിര്‍ത്തിയിലെത്തിയ യു.എസ് ആളില്ലാ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെ ഇറാനുനേരെ ആക്രമണം നടത്താന്‍ ട്രംപ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം ട്രംപ് നിലപാട് മാറ്റുകയായിരുന്നു.

150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ ആക്രമണം വേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ വിശദീകരണം. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ വിശദീകരണം.

‘ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് ഞാന്‍ അത് വേണ്ടെന്നു പറഞ്ഞു. ആളില്ലാ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയതിന് തുല്യമാകില്ല അത്.’ എന്നാണ് ട്രംപ് പറഞ്ഞത്.

2015ലെ ആണവകരാറില്‍ നിന്നും യു.എസ് ഏകകക്ഷീയമായി പിന്മാറിയതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങളുടെ തുടക്കം.

ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യു.എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യു.എസ് ഇപ്പോള്‍.