| Thursday, 17th October 2019, 9:29 am

അതിസമര്‍ത്ഥനാകരുത്, പരമ വിഡ്ഢിയും; എര്‍ദോഗന് ട്രംപിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുര്‍ക്കി സിറിയക്ക് മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിഷ് നേതാവ് റജപ് തയ്യിബ് എര്‍ദോഗന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുന്നറിയിപ്പ്. അതി സമര്‍ത്ഥനാവാനും വിഡ്ഢിയാവാനും ശ്രമിക്കരുതെന്ന് ട്രംപ് എര്‍ദോഗന് താക്കീത് നല്‍കി.

അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. മേഖലയില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിരിക്കുകയാണ്.

സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ കുര്‍ദ് സഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകളുണ്ടാകാതിരിക്കാനുമായി നീക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിന് മുന്നോടിയായി ബുധനാഴ്ച മാത്രം ഒമ്പത് കത്തുകളാണ് വൈറ്റ്ഹൗസ് തയ്യാറാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമുക്ക് നല്ല ഒരു നീക്കവുമായി മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്വമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല’, ട്രംപ് ഏര്‍ദോഗന് നല്‍കിയ കത്തില്‍ പറയുന്നു.

സിറിയയെ ആക്രമിക്കുന്നതില്‍ തുര്‍ക്കിക്ക് യുഎസ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ട്രംപ് മറ്റൊരു കത്തില്‍ പറയുന്നു. മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

‘നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു. ലോകത്തെ നിരാശപ്പെടുത്തരുത്. നിങ്ങള്‍ക്ക് ഒരു മികച്ച നീക്കം നടത്താവുന്നതാണ്’, ട്രംപ് കത്തില്‍ പറയുന്നു.

മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍, ചരിത്രം പിന്നീട് നിങ്ങളോട് തൃപ്തികരമായി പ്രതികരിക്കും. നല്ല കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് നിങ്ങളെ എല്ലാക്കാലത്തും പരിഗണിക്കുക പരമദുഷ്ടനായിട്ടായിരുക്കും. വലിയ കാര്‍ക്കശ്യക്കാരനാവാന്‍ നോക്കരുത്. പരമ വിഡ്ഢിയാവാനും നില്‍ക്കരുത്. ഞാന്‍ പിന്നീട് വിളിക്കാം’, ട്രംപ് എര്‍ദോഗനയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.

കുര്‍ദിഷിന്റെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് മേധാവി കൊബാനി അബ്ദിക്കും ട്രംപ് കത്തയച്ചു. പ്രശ്‌നം പരിഹരിക്കാമെന്നും ചില ആനുകൂല്യങ്ങള്‍ അനുവദിക്കാമെന്നുമാണ് ട്രംപ് കത്തില്‍ വിശദമാക്കുന്നത്.

സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. പ്രതിരോധ-ഊര്‍ജ്ജ മന്ത്രാലയങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ആഭ്യന്തര മന്ത്രിക്കുമെതിരെയാണ് ഉപരോധം.

എന്നാല്‍, വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സേനയ്ക്ക് നേരെയുള്ള സൈനികനടപടികള്‍ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയാലും നിര്‍ത്തില്ലെന്നാണ് എര്‍ദോഗന്റെ നിലപാട്. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം തുര്‍ക്കിയിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ടാണ് എര്‍ദൊഗാന്റെ പരാമര്‍ശം.

വടക്കന്‍ സിറിയന്‍ മേഖലയില്‍ നിന്നും സിറിയന്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് എര്‍ദൊഗാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് കുര്‍ദ് വംശജരാണ് മേഖലയില്‍ നിന്നും ഒഴിഞ്ഞു പോയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുര്‍ക്കിഷ് സൈന്യും സിറിയയിലെ സഖ്യ സേനയും കൂടിയും ഇവിടേക്ക് നടത്തിയ ആക്രണങ്ങളാല്‍ കുര്‍ദിഷ് സൈന്യത്തിന്റെ തടവിലുള്ള ഐ.എസ് ഭീകരര്‍ രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

We use cookies to give you the best possible experience. Learn more