'ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ അനാവശ്യ നികുതി ഏർപ്പെടുത്തുന്നു': താൻ മോദിയെ വിളിച്ചെന്ന് ഡൊണാൾഡ് ട്രംപ്
World News
'ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ അനാവശ്യ നികുതി ഏർപ്പെടുത്തുന്നു': താൻ മോദിയെ വിളിച്ചെന്ന് ഡൊണാൾഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 5:50 pm

വാഷിംഗ്‌ടൺ: അമേരിക്കൻ പേപ്പർ ഉത്പ്പന്നങ്ങളും ഹാർളി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളും പോലുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അനാവശ്യ നികുതി ഏർപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനം. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകൾ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അനേകം രാജ്യങ്ങൾ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമർശിച്ചു. വിസ്കോസിൻ സംസ്ഥാനത്തെ ഗ്രീൻ ബേ സിറ്റിയിൽ നടന്ന റിപ്പബ്ലിക്കൻ റാലിയിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്.

ഇതാദ്യമായല്ല ഇന്ത്യയെ ഇത്തരത്തിൽ ട്രംപ് വിശേഷിപ്പിക്കുന്നത്. മുൻപ് ഇന്ത്യ ഒരു ‘നികുതി രാജാവാണെ’ന്നും അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് മേൽ ‘ഭീമമായ നികുതി’യാണ് ഇന്ത്യ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ദശാബ്ദങ്ങളായി കോടി ലക്ഷം കോടി കണക്കിന് ഇന്ത്യയും ചൈനയും ജപ്പാനും കൊണ്ട് പോകുകയാണ്. ഏത് രാജ്യത്തിൻറെ കാര്യമെടുത്താലും അമേരിക്കയോട് അവർ ഇത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ ഇനി നമ്മൾ തോറ്റ് കൊടുക്കില്ല.’ ട്രംപ് റാലിയെ അഭിമുഖീകരിച്ച് പറഞ്ഞു.

‘പുറം രാജ്യങ്ങളിൽ നിന്നുള്ള പേപ്പർ ഉത്പന്നങ്ങൾക്ക് പൂജ്യം നികുതിയാണ് അമേരിക്ക ചുമത്തുന്നത്. എന്നാൽ വിസ്കോസിനിലെ പേപ്പർ കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ…ചൈന വമ്പൻ നികുതിയാണ് ഈടാക്കുന്നത്, ഇന്ത്യയും അങ്ങനെ തന്നെ, വിയറ്റ്‌നാം ഇവരെക്കാൾകൂടുതൽ ഈടാക്കുന്നു.’ ട്രംപ് പറഞ്ഞു. അമേരിക്കയുടെ താല്പര്യങ്ങൾക്ക് വില നൽകുന്ന ഒരു സർക്കാരിനെയാണ് യു.എസ്. ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.

എന്നാൽ മുൻപ് രാജ്യങ്ങൾ തമ്മിലുള നികുതി ഇടപാടുകളെ പിന്തുണച്ചുകൊണ്ട് ട്രംപ് സംസാരിച്ചിരുന്നു. താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ തീരുമാനപ്രകാരം ഇന്ത്യൻ നികുതി 100 ശതമാനത്തിൽ നിന്നും 50 ശതമാനമായി കുറച്ചതിൽ താൻ തൃപ്തനാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതിനു വിരുദ്ധമായി, നികുതി 50 ശതമാനം മാത്രം ഇന്ത്യ കുറച്ചാൽ പോരാ എന്നും താൻ നികുതിയിൽ വീണ്ടും മാറ്റം വരുത്തുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്ക മിക്ക ഇന്ത്യൻ ഉത്പ്പന്നങ്ങൾക്കും ഭീമമായ നികുതിയാണ് ഇറക്കുമതിയിൽ ഈടാക്കുന്നത്.

അലൂമിനിയം കൊണ്ടും ഉരുക്ക് കൊണ്ടുമുള്ള ഉത്‌പന്നങ്ങൾക്കുള്ള അമേരിക്കൻ നികുതി കുറച്ചുകിട്ടാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണുകൾ, വാഹനങ്ങൾ, നിർമ്മാണ വസ്തുക്കൾ എന്നിവയ്ക്ക് അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം അനായാസമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതേസമയം അമേരിക്കയും ഇന്ത്യൻ വിപണിയിലേക്ക് കടന്നുകയറാൻ തന്നെ ശ്രമിക്കുകയാണ്. അതിനൊപ്പം തന്നെ നികുതി കുറച്ചു കിട്ടാനും രാജ്യം ശ്രമിക്കുന്നുണ്ട്.

ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി 47.9 ബില്ല്യൺ ഡോളറോളം വരും. എന്നാൽ ഇറക്കുമതി 26.7 ബില്ല്യൺ ഡോളർ മാത്രമാണ്. നിലവിൽ ഇന്ത്യക്ക് അനുകൂലമായ വ്യാപാര നിലയാണിത്. 2020ലാണ് അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.