വാഷിങ്ടൺ: പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ വിദ്യാലയങ്ങളിൽ നിന്ന് ട്രാൻസ്ജെൻഡേർസിനെക്കുറിച്ചുള്ള പഠനങ്ങൾ ഒഴിവാക്കുമെന്ന് പ്രഖ്യാപനവുമായി മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെക്കുറിച്ചോ ഹോമോസെക്ഷ്വലിനെകുറിച്ചോ ഉള്ള ‘മോശമായ വിവരങ്ങൾ’ കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് താൻ ഫണ്ടുകളൊന്നും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ പഠിക്കേണ്ടതായ ‘നല്ല വിവരങ്ങൾ’ പകർന്നു നൽകുന്ന വിദ്യാലയങ്ങൾക്ക് ധാരാളം ഫണ്ടുകൾ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
അതോടൊപ്പം മാസ്കുകളും വാക്സിനുകളും നിർബന്ധമാക്കുന്ന വിദ്യാലയങ്ങൾക്കും കേന്ദ്രം നൽകുന്ന ഫണ്ടുകൾ വെട്ടിക്കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കായിക മത്സരങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡർ സ്ത്രീകൾ പങ്കെടുക്കുന്നത് തടയുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
‘സ്ത്രീകളുടെ കായിക മത്സരപരിപാടികളിൽ പുരുഷന്മാർ പങ്കെടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. പ്രസിഡണ്ട് ആയി വിജയിച്ചാൽ ഞാൻ അതിൽ തീർച്ചയായും മാറ്റം കൊണ്ടുവരും,’ ട്രംപ് പറഞ്ഞു.
തന്റെ പ്രചരണത്തിലെ പ്രധാനവിഷയം വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആയാൽ വിദ്യഭ്യാസ മേഖലയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലക്ക് വലിയ പരിഷ്കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സ്കൂൾ പാഠ്യപദ്ധതി തന്നെ മാറ്റണം. വിദ്യാർത്ഥികൾ പഠിക്കേണ്ട വിഷയങ്ങൾ പ്രധാനാധ്യാപകർ തിരഞ്ഞെടുക്കട്ടെ. ട്രാൻസ്ജെൻഡറിനെക്കുറിച്ചോ വംശീയതയെക്കുറിച്ചോ കുട്ടികളുടെ പാഠ്യവിഷയത്തിൽ കൊണ്ടുവരുന്ന വിദ്യാലയങ്ങളുടെ ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുന്ന നിയമത്തിലായിരിക്കും പ്രസിഡന്റായാൽ ഞാൻ ആദ്യം തന്നെ ഒപ്പിടുക,’ അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് മേൽ ട്രാൻസ്‌ജെൻഡർ പഠനം അടിച്ചേൽപ്പിക്കുന്നത് ബാലപീഡനമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ജി.ബി.ടി.ക്യു.ഐ യുടെ പ്രചരണം തടയാൻ വേണ്ടി പുതിയ നയങ്ങൾ രൂപീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight : Trump vows to end ‘gender insanity’ in schools