അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇതിനകം തന്നെ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രത്തിന്റെ തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രപരമോ അല്ലാത്തതോ ആയ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടല്ല, ഈ സന്ദര്‍ശനം വിവാദങ്ങള്‍ക്ക് കാരണമായത്. മറിച്ച് ട്രംപ് സന്ദര്‍ശിക്കാന്‍ പോകുന്ന അഹമ്മദാബാദ് നഗരത്തില്‍ വര്‍ഷങ്ങളായി സ്ഥിതി ചെയ്യുന്ന ചേരിപ്രദേശങ്ങളെ 500 മീറ്റര്‍ നീളത്തിലും നാലടി ഉയരത്തിലുമുള്ള കൂറ്റന്‍ മതില്‍ പണിതുകൊണ്ട് മറയ്ക്കാന്‍ പോകുന്നു എന്നതിലാണ്.
ഇങ്ങനെ മതിലുകള്‍കൊണ്ട് മറ കെട്ടി ചേരികളെ മായ്ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മതിലുകള്‍ കൊണ്ട് തീര്‍ക്കുന്ന മറകള്‍ക്കുള്ളില്‍ ഒതുങ്ങാത്തതാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെയും ജീവിത യാഥാര്‍ത്ഥ്യം എന്നത്. യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ ഇരുപത്തിനാല് ശതമാനവും ജീവിക്കുന്നത് ചേരികളിലാണ്. നഗരവികസനത്തിന്റെ കുതിപ്പില്‍ ചേരികളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രാജ്യത്തുണ്ട്.
വികസനത്തിന്റെ ഗുണഭോക്തക്കളാവുക എന്നതിന്റെ മാനദണ്ഡം ജാതിയും വര്‍ഗവും സാമ്പത്തികനിലയും മാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയില്‍ അധികാര രാഷ്ട്രീയത്തിന്റെ വീക്ഷണകോണുകള്‍ക്ക് പുറത്തേക്ക് വലച്ചെറിയപ്പെടുന്ന അസംഖ്യം ജനത മനുഷ്യജീവിതം പോലും സാധ്യമാകാത്ത ഇടങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും സഹിച്ച് കഴിഞ്ഞുകൂടുന്നുണ്ട്. അവരുടെ ജീവല്‍പ്രശ്നങ്ങളെ ഒരിക്കല്‍ പോലും അഭിമുഖീകരിക്കാന്‍ സാധിക്കാത്ത ഇവിടുത്തെ അധികാരരാഷ്ട്രീയത്തിന് ഇന്ന് തങ്ങളുടെ അതിഥിസല്‍ക്കാരത്തിന് തടസ്സമാവുകയാണ് രാജ്യത്തെ കാല്‍ ശതമാനത്തോളം വരുന്ന ചേരികളിലെ ജനത.
അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രത്തിന്റെ തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അത് തന്റെ തട്ടകത്തിലാവണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ബന്ധം കൊണ്ട് തന്നെയാവണം ട്രംപിനെ സ്വീകരിക്കാനുള്ള വേദിയായി അഹമ്മദാബാദ് മാറിയത്. വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ എന്ന് ഏറെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഇപ്പോഴെങ്കിലും മനസ്സിലാക്കുന്നുണ്ടാകുമോ, തന്റെ വിശിഷ്ഠാഥിതിക്ക് മുന്നില്‍ ഒരു നാണക്കെടായി തോന്നുന്ന അഹമ്മദാബാദിലെ ചേരികളും അവിടുത്തെ മനുഷ്യരും എങ്ങിനെ ഉണ്ടായി എന്നത്.
രാജ്യവികസനത്തിന് മാതൃകയാണ് ഗുജറാത്ത് എന്നാണ് സംഘപരിവാര്‍ നിരന്തരം ആവര്‍ത്തിക്കാറുള്ളത്. എന്നാല്‍ അപ്രഖ്യാപിത ചേരികളുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത് ഉള്ളത്. 3 ലക്ഷത്തി എണ്‍പത്തിനാലായിരം പേരാണ് 2058 ചേരികളിലായി ഗുജറാത്തില്‍ കഴിയുന്നത്. ഇത് ഇന്ത്യയിലെ മൊത്തം അപ്രഖ്യാപിത ചേരികളുടെ പത്ത് ശതമാനത്തിലധികം വരും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നിതി ആയോഗിന്റെ 2019 -20 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒമ്പതാം സഥാനത്ത് മാത്രമാണ് ഗുജറാത്ത് ഉള്ളത്. ഏതാനും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ വ്യവസായങ്ങള്‍ തുടങ്ങാനായി സ്ഥലം നല്‍കി എന്നതിനപ്പുറം എന്ത്് വികസനമാണ് ഗുജറാത്തില്‍ നടന്നിട്ടുള്ളത് എന്ന് ഈ കണക്കുകള്‍ നമ്മേട് പറയും.
ലോകത്തില്‍ ഒന്നാമതാകാന്‍ വേണ്ടി നരേന്ദ്രമോദി എപ്പോഴും മത്സരിക്കാറുണ്ട്. ആര്‍ക്കും ഒരുപകാരവുമില്ലാത്ത സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ 3000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. തീര്‍ത്തും അനാദായകരമെന്ന് വിദഗ്ദര്‍ ചൂണ്ട്ിക്കാണിച്ച മുംബൈ-അഹമ്മദാബാദ് അതിവേഗ തീവണ്ടിപ്പാതയ്ക്ക് വേണ്ടി ഒരു ലക്ഷത്തിപ്പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഈ തുകകളുടെ വളരെ ചെറിയ ഒരംശം ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ് ചേരിനിര്‍മാര്‍ജനവും അവിടുത്തെ ജനങ്ങളുടെ പുനരധിവാസവും. എന്നിട്ടും അതിന് തയ്യാറാകാതെ അടിസ്ഥാനജനതയെയും അവരുടെ ജീവിതത്തെയും ഒരു നാണക്കേടായി കാണുകയാണ് നമ്മുടെ പ്രധാനമന്ത്രി.
ഒരു വ്യാഴവട്ടത്തിലധികം കാലം ഗുജറാത്തില്‍ അധികാരത്തിലിരിക്കുകയും പിന്നീട് രാജ്യത്തിന്റെ മൊത്തം പ്രധാനമന്ത്രിയായി ആറ് വര്‍ഷം ഭരണം കാഴ്്ചവെച്ചതിനും ശേഷമാണ് തന്റെ സ്വന്തം നാട്ടിലെ മനുഷ്യരെ മതില്‍കെട്ടി മറയ്ക്കേണ്ട സ്ഥിതി നരേന്ദ്രമോദിയ്ക്ക് വന്നിരിക്കുന്നത് എന്ന് നാം ഓര്‍ക്കണം. ഗുജറാത്തിലും പിന്നീട് രാജ്യം മുഴുവനും ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയ്ക്കായുള്ള കുത്സിത പ്രവൃത്തികളില്‍ മുഴുകുമ്പോള്‍ നരേന്ദ്രമോദിയുടെയും ആര്‍.എസ്.എസിന്റെയും മുന്നില്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം.