കിം തിരിച്ചെത്തിയതില്‍ സന്തോഷമെന്ന് ട്രംപ്; കിമ്മിന്റെതായി പുറത്തു വന്ന ദൃശ്യങ്ങള്‍ ആധികാരികമെന്ന് വൈറ്റ് ഹൗസ്
World News
കിം തിരിച്ചെത്തിയതില്‍ സന്തോഷമെന്ന് ട്രംപ്; കിമ്മിന്റെതായി പുറത്തു വന്ന ദൃശ്യങ്ങള്‍ ആധികാരികമെന്ന് വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd May 2020, 7:31 am

വാഷിംഗ്ടണ്‍ സിറ്റി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തിരിച്ചെത്തിയ വാര്‍ത്തയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ഉത്തര കൊറിയയിലെ ഒരു മാധ്യമം ട്വീറ്റ് ചെയ്ത വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്റെ ചിത്രം റീട്വീറ്റു ചെയ്തു കൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തിയതില്‍ സന്തോഷം എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

കിം ജോങ് ഉന്നിന്റെതായി മെയ്ദിനത്തിന് പുറത്തു വന്ന ദൃശ്യങ്ങളുടെ ആധികാരികത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കിം പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സിയായ കെ. സി.എന്‍.എയാണ് പുറത്തു വിട്ടത്.

കിം തിരിച്ചുവരുമെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും കിമ്മിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം മെയ്ദിനത്തില്‍ കിം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്തയോട് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നില്ല.

ഏപ്രില്‍ 15ന് കിം ജോങ് ഉന്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന മുത്തച്ഛന്റെ ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയിലെ അസാന്നിധ്യമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചത്. 2011 മുതല്‍ അദ്ദേഹം ഒരു തവണ പോലും ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടില്ല എന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കി.

 

ഏപ്രില്‍ 11ലെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അതിന് ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കിം ജോങ് ഉന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നന്നും അദ്ദേഹം ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.