| Saturday, 4th February 2017, 8:42 pm

'കോടതിയെയും വെറുതെ വിടാതെ ട്രംപ്': കുടിയേറ്റക്കാര്‍ക്കെതിരായ വിലക്ക് നീക്കിയ കോടതി വിധി വിഡ്ഡിത്തമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയത് തടഞ്ഞ കോടതി ഉത്തരവ് വിഡ്ഡിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടതി ഉത്തരവ് മറികടക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.


Also read ട്രംപിനെ വിടാതെ പിന്തുടര്‍ന്ന് പ്രതിഷേധക്കാര്‍: അഭയാര്‍ത്ഥി വിലക്കിനെതിെരെ ലണ്ടനിലെ യു.എസ് എംബസിക്കു മുന്നില്‍ പതിനായിരങ്ങളുടെ പ്രതിഷേധം 


ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് തടഞ്ഞുകൊണ്ട് സിയാറ്റിന്‍ കോടതിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്കേര്‍പ്പെടുത്തിയത് മുതല്‍ രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോടതികളും വിലക്ക് പിന്‍വലിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയതിട്ടുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി ഉത്തരവ് വിലക്കുന്ന ആദ്യത്തെ വിധിയാണ് സിയാറ്റിന്‍ കോടതിയില്‍ നിന്നുണ്ടായത്.

കോടതി ഉത്തരവിനെത്തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലെ ഏത് സംസ്ഥാനങ്ങളിലും പ്രവേശിക്കാവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ ഉത്തരവ് മറികടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നു വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് 60,000ത്തോളം പേരുടെ വിസാ അപേക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്കിനെതിരായ ഹര്‍ജികള്‍ വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍ എന്നീ കോടതികള്‍ നിലവില്‍ പരിഗണിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more