വാഷിംങ്ടണ്‍: ദൗമയില്‍ ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും റഷ്യയെയും ഇറാനെയും വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ പേരെടുത്ത് വിമര്‍ശിച്ച ട്രംപ് ബശ്ശാറുല്‍ അസദിനെ മൃഗമെന്നാണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലാണ് ട്രംപിന്റെ വിമര്‍ശനം.
“”സിറിയയിലെ മനസാക്ഷിയില്ലാത്ത രാസാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ആക്രമണം നടന്ന സ്ഥലം സിറിയന്‍ സൈന്യം വളഞ്ഞിട്ട് പൂട്ടിയിരിക്കുകയാണ്. പ്രസിഡന്റ് പുടിന്‍, റഷ്യ, ഇറാന്‍ എന്നിവരാണ് മൃഗമായ അസദിനെ പിന്തുണയ്ക്കുന്നതിന് ഉത്തരവാദികള്‍. വലിയ വിലയാണ്…”” ട്രംപിന്റെ ട്വീറ്റ് പറയുന്നു.
രാസാക്രമണത്തിന്റെ പേരില്‍ അസദിനെതിരെ നടപടിയെടുക്കാതിരുന്ന മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെയും ട്രംപ് വിമര്‍ശിച്ചു. ഒബാമ പറഞ്ഞത് പോലെ ചുവപ്പ് വര കടന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സിറിയന്‍ ദുരന്തം എന്നേ തീരുമായിരുന്നുവെന്നും മൃഗമായ അസദ് ചരിത്രമാവുമായിരുന്നെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
കിഴക്കന്‍ ഗൗതയിലെ അവസാന വിമത കേന്ദ്രമാണ് ദൗമ. ഇന്ന് വിമതമേഖലയില്‍ ഹെലികോപ്ടറുകളിലെത്തിയ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വായില്‍ നുരപൊങ്ങി മരിച്ചു കിടക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്.
റഷ്യയുടെ പിന്തുണയോടെ ഫെബ്രുവരിയില്‍ സിറിയന്‍ സര്‍ക്കാര്‍ ആരംഭിച്ച ആക്രമണത്തിനൊടുവില്‍ ഇപ്പോള്‍ ദൗമ മാത്രമാണു വിമതരുടെ കൈവശമുള്ളത്. അതേ സമയം രാസായുധ പ്രയോഗം നടത്തിയെന്ന വാര്‍ത്തയെ സിറിയന്‍
സര്‍ക്കാരും റഷ്യയും നിഷേധിച്ചിട്ടുണ്ട്.