വാഷിങ്ടൺ: യു.എസ് സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികളെ നീക്കം ചെയ്യുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ നിർദേശം ഏകദേശം 15,000 ട്രാൻസ്‌ജെൻഡർ ഓഫീസർമാരെ ബാധിക്കുമെന്നും അവരെ അവരുടെ തസ്തികകളിൽ നിന്ന് പുറത്താക്കുമെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
വിദ്യാഭ്യാസം, ആരോഗ്യം, കായികം, സൈനിക സേവനം എന്നീ മേഖലകളിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മേൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ട്രംപിൻ്റെ ഭരണകൂടം തയ്യാറെടുക്കുകയാണ്. ഈ തീരുമാനം നടപ്പിലാക്കിയാൽ ട്രംപിന്റെ ആദ്യ ടേമിനെക്കാൾ ഭീകരമായ മാറ്റങ്ങൾ ആകും ഇത്തവണ ഭരണത്തിൽ വന്ന ട്രംപ് ഭരണകൂടം കൊണ്ടുവരിക.
ആദ്യ ടേമിൽ ട്രംപ് പുതുതായി സൈന്യത്തിൽ ചേരുന്നതിൽ നിന്നും ട്രാൻസ് ജെൻഡർ വ്യക്തികളെ വിലക്കുകയും സൈന്യത്തിൽ ഉണ്ടായിരുന്നവരെ തുടരാൻ അനുവദിക്കുകയുമായിരുന്നു ചെയ്തത്. എന്നാൽ ഇത്തവണ നിലവിൽ ഉള്ളവരെയും പുറത്താക്കാനാണ് ട്രംപ് ഒരുങ്ങുന്നത്.
ട്രംപ് സ്ഥാനമൊഴിഞ്ഞ ആദ്യ ആഴ്ച തന്നെ ബൈഡൻ ഭരണകൂടം ഈ നിയമം അസാധുവാക്കിയിരുന്നു. എന്നാൽ പുതിയ നിയമം വന്നാൽ അത് ട്രാൻസ് അത്‌ലറ്റുകളെ സ്കൂൾ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.
പ്രായം, ആരോഗ്യം, സേവനം, എന്നിവയൊന്നും തന്നെ പരിഗണിക്കാതെ, എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികളെയും സേവനത്തിൽ നിന്ന് മൊത്തത്തിൽ നീക്കം ചെയ്യുന്നതിലേക്ക് പുതിയ ഉത്തരവ് നയിച്ചേക്കാം. ട്രംപിന്റെ വിവാദപരമായ ബില്ലിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
സൈന്യം ഇതിനകം റിക്രൂട്ട്‌മെൻ്റുമായി ബുദ്ധിമുട്ടുകയാണെന്നും യഥാർത്ഥത്തിൽ അവരുടെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ നീക്കം ചെയ്യുകയല്ലേ ട്രംപ് ചെയ്യുന്നതെന്നും ചിലർ ചോദിച്ചു. ട്രംപിന്റെ ഈ നയം രാജ്യത്തെ യുദ്ധക്കളമാക്കുമെന്നും മറ്റ് ചിലർ പറയുന്നു.
എന്നാൽ ട്രാൻസ് ജെൻഡർ വ്യക്തികളെ രാജ്യത്തെ സൈനിക മേഖലയിലേക്ക് ആവശ്യമില്ലെന്ന് ട്രംപ് എക്‌സിൽ കുറിച്ചു.
Content Highlight: Trump to ‘sign executive order’ removing transgender troops from US military: Report