വാഷിങ്ടൺ: സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ നയവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഗോൾഡ് കാർഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ പദ്ധതി രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു തന്റെ ഭരണകൂടത്തിന് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. പദ്ധതിയുടെ കൂടുതൽ വിവരങ്ങളും അത് എങ്ങനെ നടപ്പാക്കുമെന്നതിലും കൂടുതൽ വെളിപ്പെടുത്തലുകൾ വന്നിട്ടില്ല.
ഗ്രീൻകാർഡിന്റെ പ്രീമിയം വേർഷനായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്. യു.എസിൽ ദീർഘകാലം താമസിക്കുന്നതിനുള്ള അവസരമാണ് ഗോൾഡ് കാർഡിലൂടെ കൈവരിക. കഴിഞ്ഞ ദിവസമാണ് ട്രംപ് പുതിയ ഇമിഗ്രേഷൻ നയം അവതരിപ്പിച്ചത്.
അഞ്ച് മില്യൺ ഡോളർ നൽകി ( 43 . 5 കോടി രൂപ ) അമേരിക്കയിൽ സ്ഥിര താമസക്കാരാകാൻ വേണ്ടി ആളുകൾക്ക് അപേക്ഷിക്കാൻ കഴിയും. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നും തന്റെ രാജ്യത്തേക്ക് ‘വളരെ ഉയർന്ന തലത്തിലുള്ള ആളുകളെ’ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
‘ഇത് അമേരിക്കൻ പൗരത്വം ലഭിക്കാനുള്ള ഒരു വഴിയാണ്. ഈ കാർഡ് വാങ്ങുന്നതിലൂടെ സമ്പന്നരായ ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരും. അവർ ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതികൾ നൽകുകയും ചെയ്യും,’ ചൊവ്വാഴ്ച ഓവൽ ഓഫീസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇ.ബി-5 വിസകൾക്ക് പകരമായി ട്രംപ് ഗോൾഡ് കാർഡ് നിലവിൽ വരുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞു. വിദേശ നിക്ഷേപം സൃഷ്ടിക്കുന്നതിനായി 1990ൽ കോൺഗ്രസ് ആണ് ഇ.ബി-5-കൾ സൃഷ്ടിച്ചത്. 800,000 ഡോളർ നിക്ഷേപിക്കുന്നവർക്കാണ് ഇ.ബി-5 വിസ ലഭിച്ചിരുന്നത്. യു.എസിൽ ജോലികൾ സൃഷ്ടിക്കുന്നവർക്കും ഈ വിസ ലഭിക്കും.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ, കുടിയേറ്റക്കാരുടെ നാടുകടത്തൽ നടത്തിക്കൊണ്ടിരിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിന്റെ ഭാഗമായി നാടുകടത്തൽ വർധിപ്പിച്ചിട്ടുണ്ട്.
300ലധികം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചിട്ടുണ്ട്. ഭരണകൂടം നാടുകടത്തൽ തുടരുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. എല്ലാ നിയമവിരുദ്ധ കുറ്റവാളി കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതുവരെ താൻ വിശ്രമിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
Content Highlight: Trump to Offer ‘Gold Card’ Visas for $5 Million to the Rich