വാഷിങ്ടൺ: തനിക്ക് സ്വീകാര്യമായ രീതിയിൽ പനാമ ജലപാത കൈകാര്യം ചെയ്തില്ലെങ്കിൽ പനാമ കനാൽ യു.എസ് പിടിച്ചെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഈ കപ്പൽ പാത ഉപയോഗിക്കുന്നതിന് മധ്യ അമേരിക്കൻ രാജ്യം അമിത നിരക്ക് ഈടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
‘ പനാമ ഈടാക്കുന്ന ഫീസ് വളരെയധികമാണ്. ഞങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ പനാമ കനാൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഞങ്ങൾ പനാമ കനാൽ തിരിച്ച് പിടിക്കും,’ ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.
തന്റെ പോസ്റ്റിൽ, പനാമ കനാൽ തെറ്റായ അധികാരികളുടെ കൈകളിൽ എത്തിപ്പെടാൻ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പനാമ കനാൽ യു.എസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദേശീയ സ്വത്താണെന്നും വാണിജ്യത്തിനും ദേശീയ സുരക്ഷയ്ക്കും ഇത് നിർണായകമാണെന്നും ട്രംപ് പറഞ്ഞു .
പനാമയുടെ പ്രസിഡൻ്റ് ജോസ് റൗൾ മുലിനോ പിന്നീട് ട്രംപിൻ്റെ ഭീഷണി തള്ളിക്കളഞ്ഞു. കനാലിൻ്റെ ട്രാൻസിറ്റ് ഫീസ് ഉയർത്തിയിട്ടില്ലെന്നും അതിൻ്റെ പരമാധികാരം വീണ്ടും ചർച്ച ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് കനാലിൻ്റെ പൂർണ നിയന്ത്രണം പനാമയ്ക്ക് കൈമാറി 25 വർഷത്തിന് ശേഷമാണ് ട്രംപിന്റെ ഭീഷണി. 1977ൽ പ്രസിഡൻ്റ് ജിമ്മി കാർട്ടർ ടോറിജോസ്-കാർട്ടർ ഉടമ്പടികൾ ചർച്ച ചെയ്തു. ഈ ഉടമ്പടി പനാമയ്ക്ക് കനാലിൻ്റെ നിയന്ത്രണം നൽകി. നിലവിൽ പനാമ കനാൽ അതോറിറ്റിക്കാണ് കനാലിൻ്റെ അധികാരം ഉള്ളത്.
യു.എസ്, ഇപ്പോഴും കനാലിൻ്റെ ഏറ്റവും വലിയ ഉപഭോക്താവാണ്. കനാലിൻ്റെ രണ്ടാമത്തെ വലിയ ഉപഭോക്താവ് ചൈനയാണ്, ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ചൈനീസ് കമ്പനി കനാലിനോട് ചേർന്നുള്ള അഞ്ച് തുറമുഖങ്ങളിൽ രണ്ടെണ്ണം നിയന്ത്രിക്കുന്നു.
എന്നാൽ കനത്ത വരൾച്ച കാരണം പനാമ കനാലിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കപ്പൽ ഗതാഗതത്തിൽ 29% കുറവുണ്ടായതായി കനാൽ അതോറിറ്റി അറിയിച്ചു. 2023 ഒക്‌ടോബർ മുതൽ 2024 സെപ്‌റ്റംബർ വരെ 9,944 കപ്പലുകൾ മാത്രമാണ് കനാലിൽ കടന്നത്, മുൻ വർഷം ഇത് 14,080 ആയിരുന്നു.
കനാൽ ചൈനയുടേതല്ലെന്ന് പറഞ്ഞ ട്രംപ് തൻ്റെ പോസ്റ്റിൽ കനാൽ തെറ്റായ കൈകളിൽ എത്താൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു.
Content Highlight: Trump threatens to take back Panama Canal over ‘ridiculous’ fees