അമേരിക്കയോടുള്ള നിലപാട് മാറ്റിയില്ലെങ്കില്‍ ലോക വ്യാപാര സംഘനയില്‍ നിന്നും പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി
world
അമേരിക്കയോടുള്ള നിലപാട് മാറ്റിയില്ലെങ്കില്‍ ലോക വ്യാപാര സംഘനയില്‍ നിന്നും പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st August 2018, 12:05 pm

വാഷിംഗ്ടണ്‍: അമേരിക്കയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ലോക വ്യാപാര സംഘടനയില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെല്ലുവിളി. വഴങ്ങാന്‍ തയ്യാറല്ലെങ്കില്‍, ലോകവ്യാപാര സംഘടനയില്‍ നിന്നുതന്നെ പിന്‍വാങ്ങുമെന്ന ഭീഷണിയാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്.

രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ക്ക് വ്യവസ്ഥയുണ്ടാക്കാനും, രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് ലോക വ്യാപാര സംഘടന. സംഘടനയ്ക്ക് അമേരിക്കയോടുള്ള നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്നാണ് ട്രംപിന്റെ പക്ഷം.

 

Also Read: ഡെന്‍മാര്‍ക്കിലെ “മുഹമ്മദ് കാര്‍ട്ടൂണ്‍ മത്സരം” പിന്‍വലിച്ചു

 

ലോക വ്യാപാര സംഘടന പിന്തുടരുന്ന തുറന്ന വാണിജ്യനയങ്ങളും അമേരിക്കയുടെ വാണിജ്യനയങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ് ഈ പിന്‍വാങ്ങല്‍ ഭീഷണിയില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനയുടെ തര്‍ക്ക പരിഹാര വ്യവസ്ഥയിലേക്കുള്ള പുതിയ ജഡ്ജിമാരുടെ നിയമനവും അമേരിക്ക തടഞ്ഞിരുന്നു.

പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനു മുന്‍പും ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്കെതിരെ ട്രംപ് പ്രതികരിച്ചിരുന്നു. ചൈനയടക്കം പല ഭീമന്മാരുമായമുള്ള വാണിജ്യ ബന്ധത്തിലും ഈയിടെ അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ അമേരിക്ക പാലിക്കുന്നില്ലെന്നുള്ള ആരോപണം ചൈനയും മുന്നോട്ടുവച്ചിരുന്നു.