വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ പ്രതികരണം.
യു.എസില്‍ നടക്കുന്നത് ആഭ്യന്തര തീവ്രവാദമാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളല്ലെന്നും ട്രംപ് പറഞ്ഞു.
‘ഇവിടെ സമാധാനപരമായ പ്രതിഷേധമല്ല നടക്കുന്നത്. ഇതെല്ലാം ആഭ്യന്തര തീവ്രവാദമാണ്,’ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് അപമാനകരമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധക്കാര്‍ ദീര്‍ഘകാലം ജയില്‍ വാസവും ക്രിമിനല്‍ ശിക്ഷാ നടപടികളും സ്വീകരിക്കേണ്ടി വരുമെന്നുമാണ് തനിക്ക് സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാവിധ സൈന്യത്തെയും അണിനിരത്തുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ സംസാരിച്ചു.
‘ഒരു നഗരമോ സ്‌റ്റേറ്റോ അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പക്ഷം പ്രശ്‌നം ഉടന്‍ പരിഹരിക്കുന്നതിനായി ഞാന്‍ അമേരിക്കയിലെ മിലിറ്ററി സേനയെ വിന്യസിക്കും,’ട്രംപ് പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ യു.എസില്‍ ആറാം ദിവസവും പ്രതിഷേധം ശക്തമായി തുടരുകയാണ്. ആക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ട്രംപ് ഇതുവരെ നേരിട്ട് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ പ്രതിഷേധക്കാരെ വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും അവരെ സ്വീകരിക്കാന്‍ കാത്തിരിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.