വാഷിങ്ടൺ: ഹാർവാർഡ് സർവകലാശാലക്ക് നൽകിവന്നിരുന്ന രണ്ട് ബില്യൺ ഡോളറിലധികം ഫെഡറൽ ഫണ്ടുകൾ മരവിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർവകലാശാല മാപ്പ് പറഞ്ഞില്ലെങ്കിൽ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
യൂണിവേഴ്സിറ്റിക്ക് നൽകി വന്നിരുന്ന 2.3 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ട് റദ്ദാക്കി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ക്യാമ്പസില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടുകള്‍ മരവിപ്പിക്കുകയാണെന്ന് യു.എസ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
യു.എസിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലയായ ഹാര്‍വാര്‍ഡിന് അയച്ച കത്തില്‍ ക്യാമ്പസില്‍ വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
പ്രതിഷേധക്കാര്‍ ധരിക്കുന്ന മുഖംമൂടികള്‍ നിരോധിക്കണമെന്നും പ്രതിഷേധത്തിനിടെ സര്‍വകലാശാലാ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്നുമെല്ലാം നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളേയോ ക്ലബ്ബുകളേയോ അംഗീകരിക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ധനസഹായം നല്‍കരുതെന്നും ഭീകരതയെയോ ജൂത വിരുദ്ധതയെയോ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയാന്‍ പ്രവേശന പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നുമാണ് ഭരണകൂടം നിര്‍ദേശിച്ച പ്രധാന നിര്‍ദേശങ്ങള്‍.
എന്നാൽ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പട്ടിക പാലിക്കില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിൽ, സർവകലാശാലയുടെ ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നതിനപ്പുറം പോകുമെന്നും ഹാർവാർഡിനുള്ള നികുതി ഇല്ലാ പദവി എടുത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സർവകലാശാലകളെയും നിരവധി ചാരിറ്റി ഗ്രൂപ്പുകളെയും മത ഗ്രൂപ്പുകളെയും ഫെഡറൽ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് മാറുകയോ ചെയ്താൽ ഈ നികുതി ഇല്ലാ പദവി നീക്കം ചെയ്യാൻ കഴിയും. ഇളവ് നഷ്ടപ്പെടുന്നതോടെ ഹാർവാർഡിന് ഓരോ വർഷവും ദശലക്ഷക്കണക്കിന് ഡോളർ ചിലവാകും.
അതേസമയം ട്രംപിന് വഴങ്ങാത്ത ഹാർവാർഡ് സർവകലാശാലയെ മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ അഭിനന്ദിച്ചു. ട്രംപിന്റെ ആവശ്യങ്ങൾക്ക് വഴങ്ങരുതെന്നും ഹാർവാർഡിന്റെ മാതൃക പിന്തുടരണമെന്നും അദ്ദേഹം മറ്റ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ട്രംപിന്റേത് അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നിയമവിരുദ്ധമായ നയമാണെന്ന് അദ്ദേഹം വിമർശിച്ചു.
യു.എസിലെ തന്നെ മറ്റൊരു സര്‍വകലാശാലയായ കൊളംബിയ യൂണിവേഴ്സിറ്റിയുടെഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഹാര്‍വാര്‍ഡിനെതിരായ നടപടി.
മാര്‍ച്ച് ഏഴിനാണ് ട്രംപ് ഭരണകൂടം കൊളംബിയയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും പിന്‍വലിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റി അതിന്റെ കാമ്പസില്‍ അക്രമവും ജൂതവിരുദ്ധ പീഡനവും അനുവദിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.
പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് കരാറുകളും ഗ്രാന്റുകളും തിരികെ ലഭിക്കുന്നതിന് സര്‍വകലാശാല പാലിക്കേണ്ട ആവശ്യങ്ങളുടെ ഒരു പട്ടിക ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇത് പാലിക്കാമെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചിരുന്നു.
Content Highlight: Trump threatens Harvard’s tax-exempt status after freezing $2bn funding