ഡോളറിനെ അവഗണിക്കുന്ന രാജ്യങ്ങളെ നികുതി ചുമത്തി ഇല്ലാതാക്കും; ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
World News
ഡോളറിനെ അവഗണിക്കുന്ന രാജ്യങ്ങളെ നികുതി ചുമത്തി ഇല്ലാതാക്കും; ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 8:22 am

വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെ അവഗണിക്കുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങളോടാണ് ട്രംപിന്റെ മുന്നറിയിപ്പ്.

2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍വെച്ച് ഡോളറിന് പകരം അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പൊതു കറന്‍സികള്‍ ഉപയോഗിക്കണം എന്നൊരു ആശയം ഉയര്‍ന്നു വന്നിരുന്നു.

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയായിരുന്നു 15ാം ഉച്ചകോടിയില്‍ വെച്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ആ വര്‍ഷം റഷ്യയിലെ കസാനില്‍വെച്ച് നടന്ന ഉച്ചകോടിയിലും ഇത് ചര്‍ച്ചയായി. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

‘ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കാനുള്ള ബ്രിക്‌സിന്റെ ശ്രമങ്ങള്‍ ഞങ്ങള്‍ കുറച്ച് കാലമായി നിരീക്ഷിക്കുന്നു. എന്നാല്‍ ഇനി അത് തുടരാന്‍ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുറപ്പ് കിട്ടണം. ഡോളറിന് പകരം മറ്റേതെങ്കിലും കറന്‍സിയോ അല്ലെങ്കില്‍ ബ്രിക്‌സ് കറന്‍സിയോ ഉപയോഗിക്കുന്ന പക്ഷം 100 ശതമാനം നികുതി അവര്‍ക്ക് മേല്‍ ചുമത്തപ്പെടും അല്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി അമേരിക്കന്‍ വിപണിയോട് വിട പറയേണ്ടി വരും,’ ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇത്തരത്തില്‍ അമേരിക്കന്‍ വിപണി വിട്ട് പോവുന്നവര്‍ അവര്‍ക്ക് ഊറ്റാന്‍ വേണ്ടി മറ്റൊരാളെ കണ്ടെത്താനും ട്രംപ് ആജ്ഞാപിക്കുന്നുണ്ട്.

ഇന്ത്യ, ബ്രസീല്‍, റഷ്യ, സൗത്ത് ആഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. കുറച്ച് നാളുകളായി ആഗോളവിപണിയില്‍ പൊതുകറന്‍സികളോ അല്ലെങ്കില്‍ ബ്രിക്‌സ് കറന്‍സികളോ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ കൂട്ടായ്മയില്‍ സജീവമാണ്.

പ്രാദേശിക കറന്‍സികള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും വിനിമയം നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ യു.എസിന്റ സഖ്യകക്ഷിയായ ഇന്ത്യ ഈ ആവശ്യത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല.

നിലവില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നത് ഡോളറിലാണ്. എണ്ണ വിപണനത്തിനും ഉപയോഗിക്കുന്നത്‌ ഡോളറാണെങ്കിലും ഇടക്കാലത്ത് എണ്ണ കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യമായ സൗദി ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഡോളറിനെ അടിസ്ഥാന കറന്‍സിയാക്കുന്ന 50 വര്‍ഷത്തെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സൗദി തീരുമാനിച്ചിരുന്നു.

Content Highlight: Trump threatens  BRICS countries, if they give up on dollar they will be punished 100% tariffs on US