| Sunday, 14th January 2018, 1:30 pm

ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറെ 'അറസ്റ്റു' ചെയ്യണമെന്ന് ട്രംപ് അനുകൂലികള്‍: ഒടുക്കം ഇളിഭ്യരായി മടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ശനിയാഴ്ച മേയര്‍ സാദിഖ് ഖാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

ഫാബിയന്‍ സൊസൈറ്റിയിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് ട്രംപ് അനുകൂലികള്‍ കടന്നുവരികയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തുകടക്കാന്‍ സഹായിച്ചു.

സംഘ കാരണം അദ്ദേഹത്തിന്റെ പ്രസംഗം 15 മിനിറ്റു വൈകി. സാദിഖ് ഖാന്‍ വിശ്വാസവഞ്ചകനാണെന്നും അദ്ദേഹത്തിന്റേത് ദുര്‍ഭരണമാണെന്നും അയാള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനാദരിച്ചെന്നും ആരോപിച്ചാണ് ട്രംപ് അനുകൂലികളുടെ അതിക്രമം.

മേയര്‍ പ്രസംഗിച്ചു തുടങ്ങവെ ഡെവെ റസല്‍ എന്നയാളും നാലഞ്ചുപേരും കോണ്‍ഫറന്‍സ് ഹാളിനു സമീപം യു.എസ് പതാകയും ബ്രക്‌സിറ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തുവരികയായിരുന്നു.

പ്രതിഷേധക്കാരെ പുറത്താന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചപ്പോള്‍ സാദിഖ് ഖാന്റെ പ്രസംഗം കേള്‍ക്കാനായി ഒത്തുകൂടിയ ജനക്കൂട്ടം കയ്യടിക്കുകയും പരിഹസിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ പുറത്തുപോകാന്‍ തയ്യാറായില്ല. “നിയമപ്രകാരമാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്” എന്നു പറഞ്ഞ് അദ്ദേഹം പ്രതിഷേധം തുടര്‍ന്നു. ഈ സമയത്തും സാദിഖ് ഖാന്‍ അവിടെ ഇരുന്ന് പത്രം നോക്കുകയായിരുന്നു. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കിയതിനു പിന്നാലെ ട്രംപിനെതിരെ മറ്റൊരു വിമര്‍ശനവുമായി സാദിഖ് ഖാന്‍ പ്രസംഗം തുടരുകയും ചെയ്തു.

“വെരി സ്റ്റേബിള്‍ ജീനിയസസ് എന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ പ്രവര്‍ത്തനം കാരണം അല്പനേരം കാത്തിരുന്നെങ്കിലും ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.” ട്രംപ് അടുത്തിടെ ട്വീറ്റില്‍ സ്വയം “വെരി സ്റ്റേബിള്‍ ജീനിയസ്” എന്നു വിശേഷിപ്പിച്ച കാര്യം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

യു.എസില്‍ മുസ്‌ലിം നിരോധനം ആവശ്യപ്പെട്ട ട്രംപ് കഴിഞ്ഞവര്‍ഷം ലണ്ടനില്‍ തീവ്രവാദ ആക്രമണം നടന്നതിനു പിന്നാലെ സാദിഖ് ഖാനെ “കഷ്ടം” എന്നു ട്രംപ് വിളിച്ചിരുന്നു. കൂടാതെ ഈയാഴ്ചയാദ്യം ലണ്ടന്‍ സന്ദര്‍ശിക്കാനുളള തീരുമാനം ട്രംപ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം ട്രംപ് ഉപേക്ഷിച്ചതിനു പിന്നാലെ ലണ്ടനില്‍ അദ്ദേഹത്തെ ആരും സ്വാഗതം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞാണ് ട്രംപിന്റെ പിന്മാറ്റമെന്ന് സാദിഖ് പറഞ്ഞിരുന്നു.

ജനകീയ പ്രതിഷേധങ്ങളെ ട്രംപ് ഭയക്കുന്നുവെന്ന വാര്‍ത്ത സ്വാഗതം ചെയ്ത നിരവധി ബ്രിട്ടീഷുകാരില്‍ സാദിഖ് ഖാനുമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more