കമലയെ പിന്തുണക്കുന്നവരോട് കുടിയേറ്റക്കാരെ സ്വന്തംവീട്ടില്‍ താമസിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍
World News
കമലയെ പിന്തുണക്കുന്നവരോട് കുടിയേറ്റക്കാരെ സ്വന്തംവീട്ടില്‍ താമസിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 6:18 pm

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപ് അനുകൂലികളുടെ വിചിത്രമായ പ്രചാരണ രീതി സംബന്ധിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കമല ഹാരിസ് അനുകൂലികള്‍ എന്ന പേരില് രണ്ട് യുവാക്കള്‍ കുടിയേറ്റക്കാരുടെ ഒരു ബസുമായി ഡെമോക്രാറ്റ് അനുഭാവികളുടെ വീട്ടിലെത്തി അവരെ അവിടെ താമസിപ്പിക്കണമെന്നാണ് വീട്ടുകാരോട് പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

എന്നാല്‍ യുവാക്കളുടെ വിചിത്രമായ പെരുമാറ്റം കണ്ട് വീട്ടുകാര്‍ ആശങ്കാകുലരാവുന്നതും വീഡിയോയില്‍ കാണാം. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കയിലെ മധ്യവര്‍ഗത്തില്‍പ്പെട്ടവരുടേയും കമല ഹാരിസിനെ അനുകൂലിക്കുന്നവരുടേയും വീടുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. യു.എസ് ശതകോടീശ്വരനും ട്രംപ് അനുഭാവിയുമായ ഇലോണ്‍ മസ്‌കും ഇതിലൊരു വീഡിയോ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിച്ച കുടിയേറ്റക്കാരെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മസ്‌ക് പങ്കുവെച്ച വീഡിയോയില്‍ മധ്യവയസ്‌കയായ ഒരു യുവതിയോട് നിങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യുമോയെന്ന് ആദ്യം ചോദിക്കുന്നുണ്ട്. അവര്‍ അതെയെന്ന് പറഞ്ഞതോടെ യുവാക്കളിലൊരാള്‍ ഫോണിലൂടെ ‘ഗയ്‌സ് നിങ്ങള്‍ക്ക് വേണ്ടി പുതിയൊരു വീട് കണ്ടെത്തിയിരിക്കുന്നു എല്ലാവരും പെട്ടെന്ന് വരൂ’എന്ന് ആരോടൊ വിളിച്ച് പറയുന്നുണ്ട്.

തുടര്‍ന്ന് ഒരു ബസ് യുവതിയുടെ വീടിന് സമീപം കൊണ്ട് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അത് നിങ്ങളുടെ ബസാണോ എന്നും എനിക്കൊന്നും മനസിലാകുന്നില്ലെന്നും സ്ത്രീ യുവാക്കളോട് പറയുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം കുടിയേറ്റക്കാരാണെന്നും ഇനി നിങ്ങളുടെ വീട്ടിലാണ് ഇവര്‍ താമസിക്കാന്‍ പോകുന്നതെന്നും യുവാക്കള്‍ വൃദ്ധയോട് പറയുന്നുണ്ട്.

എന്നാല്‍ യുവതി പറ്റില്ലെന്ന് പറഞ്ഞതോടെ നിങ്ങളല്ലെ കുറച്ച് മുമ്പ് ഇവരെ സഹായിക്കുമെന്ന് പറഞ്ഞതെന്നും അവര്‍ക്ക് ഡിന്നര്‍ ഉണ്ടോ എന്നും യുവാക്കള്‍ പരിഹാസരൂപേണ വൃദ്ധയോട് ചോദിക്കുന്നുണ്ട്. അപ്പോഴേക്കും യുവതി വീടിനുള്ളില്‍ കയറി കതക് അടച്ചതോടെ നിങ്ങളുടെ ഒപ്പ് എന്റെ കൈവശമുണ്ടെന്നും കുടിയേറ്റക്കാരോട് സൗത്തിലേക്ക് തിരികെ പോകാനും യുവാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

എക്‌സിലൂടെ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ ഇതിന് സമാനമായി കമല ഹാരിസിന്റെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാല്‍സിന്റെയും പേരുകള്‍ ഉള്ള ടീ ഷര്‍ട്ട് ധരിച്ച യുവാക്കള്‍ മറ്റൊരു വീട്ടിലെത്തുന്നുണ്ട്. വീട്ടുകാര്‍ കമലയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ യുവാക്കള്‍ ഈ കുടിയേറ്റക്കാരെ ഇവിടെ തങ്ങാന്‍ അനുവദിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ വീട്ടില്‍ ചെറിയ കുട്ടി ഉണ്ടെന്ന് വീട്ടുകാര്‍ മറുപടി നല്‍കിയപ്പോള്‍ അവരെ തറയിലോ മറ്റോ കിടക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് യുവാക്കള്‍ പറയുന്നത്. മറ്റൊരു യുവതി വീട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കുടിയേറ്റക്കാരിലൊരാളായ വിക്ടര്‍ കൗമാരക്കാരെ ഡേറ്റിങ് നടത്തിയ ഒരാളെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ മറ്റൊരു യുവതി നിങ്ങള്‍ കമലയുടെ ആള്‍ അല്ലെന്നും നിങ്ങള്‍ അവരുടെ പേര് ഉച്ചരിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ട്രംപിനായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഇതാദ്യമായല്ല ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും അവരുടെ സ്ഥാനാര്‍ത്ഥികളുടേയും കുടിയേറ്റ നിലാപാടുകളെ  ട്രംപ് അനുയായികള്‍ പരിഹസിക്കുന്നത്. കുടിയേറ്റ വിരുദ്ധതയും, നാടുകടത്തല്‍ വാഗ്ദാനവും ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ ട്രംപും പല തവണ പൊതുവേദികളില്‍ നടത്തിയിട്ടുണ്ട്.

Content Highlight: Trump supporters acted as Kamala campaign workers went door-to-door trying to place illegal migrants in Democrats homes