| Thursday, 20th September 2018, 10:01 pm

അനധികൃത കുടിയേറ്റം തടയാന്‍ സഹാറാ മരുഭൂമിയെ ചുറ്റി മതില്‍ പണിയൂ: സ്പാനിഷ് വിദേശകാര്യ മന്ത്രിക്ക് ട്രംപിന്റെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: കുടിയേറ്റക്കാരെ അകറ്റി നിര്‍ത്താന്‍ സഹാറാ മരുഭൂമിയെ ചുറ്റി വന്‍ മതില്‍ പണിയാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതായി സ്പാനിഷ് വിദേശകാര്യ മന്ത്രി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതിനു സമാനമായ രീതിയില്‍ മതില്‍ പണിയാനാണ് ട്രംപ് ഉപദേശിച്ചതെന്ന് സ്പാനിഷ് മന്ത്രി ജോസഫ് ബോറല്‍ പറയുന്നു.

“തുറമുഖങ്ങള്‍ അടച്ചിടുന്നത് ഒരിക്കലും ഒരു നല്ല പരിഹാരമല്ല. അതുപോലെത്തന്നെ, ട്രംപ് നിര്‍ദ്ദേശിച്ചതു പോലെ, മതില്‍ പണിയുക എന്നതും പ്രായോഗികമായ ഒരു പ്രതിവിധിയല്ല” സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട വീഡിയോ ദൃശ്യത്തില്‍ ബോറല്‍ പറയുന്നു.

സഹാറയുടെ അതിരിനു ചുറ്റും മതില്‍ പണിയൂ എന്ന് ട്രംപ് പറഞ്ഞതായും, അതിനു മറുപടിയായി സഹാറയുടെ വ്യാപ്തിയെന്താണെന്ന് താങ്കള്‍ക്കറിയാമോയെന്ന് ബോറല്‍ തിരിച്ചു ചോദിച്ചതായുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

യൂറോപ്പിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ദിനംപ്രതി വരുന്ന വര്‍ദ്ധനവ് എങ്ങിനെ തരണം ചെയ്യുമെന്ന് ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സാല്‍സ്ബര്‍ഗില്‍ യോഗം ചേരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

Also Read: “സമാധാന ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ് മോദി സാഹബ്”; പ്രധാനമന്ത്രിയ്ക്ക് കത്തുമായി ഇമ്രാന്‍ ഖാന്‍

ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് ഏറ്റവുമധികം കുടിയേറ്റക്കാര്‍ കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും എത്തിച്ചേരുന്നത് സ്‌പെയിന്‍ വഴിയാണ്. നേരത്തേ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇറ്റലിയെ മറികടന്നതോടെ, കുടിയേറ്റ പ്രശ്‌നം ഗൗരവമായെടുത്തിരിക്കുകയാണ് സ്‌പെയിന്‍.

സഹാറാ മരുഭൂമി കടന്ന് മൊറോക്കോവിലെത്തി, അവിടെനിന്നും മെഡിറ്ററേനിയന്‍ കടല്‍ കടന്നോ അതിര്‍ത്തി വേലികള്‍ മറികടന്നോ ആണ് കുടിയേറ്റക്കാര്‍ എത്തിച്ചേരുന്നത്.

അമേരിക്കന്‍-മെക്‌സിക്കോ അതിര്‍ത്തിയില്‍ 3,200 കിലോമീറ്റര്‍ നീളത്തില്‍ ഇരുപതു ബില്യണ്‍ ഡോളര്‍ ചെലവിട്ട് മതില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്. ഈ സാഹചര്യത്തിലാണ് സ്‌പെയിനിന് ട്രംപ് ഉപദേശം നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more