ന്യൂദൽഹി: പരസ്പര താരിഫുകൾ (reciprocal tariff ) പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് 26 ശതമാനം തീരുവ ചുമത്തിയ ട്രംപ് തങ്ങൾ ഇന്ത്യക്ക് ഡിസ്‌കൗണ്ട് താരിഫ് ആണ് ഏർപ്പെടുത്തിയതെന്ന് വാദിച്ചു. ഇന്ത്യ അമേരിക്കക്ക് മേൽ ചുമത്തുന്നത് 52 ശതമാനം താരിഫ് ആണെന്നും എന്നാൽ ഇന്ത്യക്ക് മേൽ തിരിച്ച് 26 ശതമാനം താരിഫ് മാത്രമേ ചുമത്തുന്നുള്ളു എന്നും ട്രംപ് പറഞ്ഞു.
ലിബറേഷൻ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ, ട്രംപ് നിർദിഷ്ട പരസ്പര താരിഫുകൾ ചിത്രീകരിക്കുന്ന ഒരു ചാർട്ട് പ്രദർശിപ്പിച്ചു. ചാർട്ട് പ്രകാരം ചൈനീസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം താരിഫും, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം, യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് 20 ശതമാനം, ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളിൽ 25 ശതമാനം, ജാപ്പനീസ് ഉത്പന്നങ്ങൾക്ക് 24 ശതമാനം, തായ്‌വാൻ ഉത്പന്നങ്ങൾക്ക് 32 ശതമാനം എന്നിങ്ങനെയാണ് താരിഫുകൾ വരുന്നത്.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വർഷങ്ങളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ കൊള്ളയടിക്കുകയായിരുന്നെന്ന് ആരോപിച്ച ട്രംപ് പുതിയ പരസ്പര താരിഫുകൾ പ്രഖ്യാപിക്കുകയായിരുന്നു.
‘നമ്മുടെ രാജ്യം വിദേശ രാജ്യങ്ങൾ കൊള്ളയടിച്ചു. നമ്മൾ കൊള്ളയടിക്കപ്പെട്ടു. എൻ്റെ സഹ അമേരിക്കക്കാരേ, ഇത് വിമോചന ദിനമാണ്, ഏറെ നാളായി നമ്മൾ കാത്തിരിക്കുന്നു. 2025 ഏപ്രിൽ രണ്ട്, അമേരിക്കൻ വ്യവസായം പുനർജനിച്ച ദിനമായും അമേരിക്ക വീണ്ടും സമ്പന്നമാകാൻ തുടങ്ങിയ ദിനമായും എക്കാലവും ഓർമ്മിക്കപ്പെടും. 50 വർഷത്തിലേറെയായി അവർ നമ്മെ കൊള്ളയടിക്കുന്നു. നമ്മൾ പറ്റിക്കപ്പെട്ടു, എന്നാൽ ഇനി അത് സാധ്യമല്ല,’ ട്രംപ് പറഞ്ഞു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രിയെ ട്രംപ് തന്റെ നല്ല സുഹൃത്ത് എന്ന് വിളിച്ചെങ്കിലും, ഇന്ത്യ അമേരിക്കക്ക് മേൽ ചുമത്തുന്ന വലിയ താരിഫുകൾ, അമേരിക്കയോടുള്ള ഇന്ത്യയുടെ മോശം പെരുമാറ്റമാണെന്നും ട്രംപ് പറഞ്ഞു.
‘ ഇന്ത്യൻ പ്രധാനമന്ത്രി, അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്. പക്ഷേ ഞാൻ പറഞ്ഞു, നിങ്ങൾ എന്റെ ഒരു സുഹൃത്താണ്, പക്ഷേ നിങ്ങൾ ഞങ്ങളോട് ചെയ്യുന്നത് ശരിയല്ല. അവർ ഞങ്ങളിൽ നിന്നും 52 ശതമാനം തീരുവ ഈടാക്കുന്നു. പക്ഷേ വർഷങ്ങളോളം പതിറ്റാണ്ടുകളായി ഞങ്ങൾ അവരിൽ നിന്ന് ഒന്നും ഈടാക്കിയിട്ടില്ല. ഞാൻ വന്നിട്ട് ഏഴ് വർഷം മാത്രമേ ആയിട്ടുള്ളൂ,’ ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരസ്പര താരിഫ് പ്രഖ്യാപനം ചില ഇന്ത്യൻ കയറ്റുമതികൾക്ക് ഉയർന്ന ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ട്. കയറ്റുമതി അധിഷ്ഠിത മേഖലകളെ ഇത് ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കാകുലരാണ്.
Content Highlight: Trump slaps 26% ‘discounted reciprocal tariffs’ on India