വാഷിംങ്ടണ്‍: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അവതാരകര്‍ക്ക് തെറ്റു പറ്റാന്‍ കാരണം തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവതാരകര്‍ക്ക് ലഭിച്ച എന്‍വലപ്പ് മാറാനും മികച്ച ചിത്രത്തിന്റെ പേരു പ്രഖ്യാപിച്ചതില്‍ പിഴവ് വരാനും കാരണം രാഷ്ട്രീയ വിഷയങ്ങളില്‍ അമിത ശ്രദ്ധ കേന്ദ്രീകരിച്ചതാണെന്നും ട്രംപ് പറഞ്ഞു.
ഇന്നലെ നടന്ന 89ാം ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അമേരിക്കന്‍ പ്രസിഡന്റിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ചടങ്ങിന്റെ അവസാനം മികച്ച ചിത്രം പ്രഖ്യാപിച്ചപ്പോള്‍ അവതാരകര്‍ അവാര്‍ഡിനര്‍ഹമായ മൂണ്‍ലൈറ്റിനു പകരം ലാ ലാ ലാന്‍ഡിന്റെ പേരായിരുന്നു ആദ്യം വായിച്ചിരുന്നത്. വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ചടങ്ങില്‍ ഈ അബദ്ധം സംഭവിച്ചതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത്.
“ചടങ്ങിന്റെ പ്രധാന അവതാരകനായിരുന്ന ജിമ്മി കിമ്മെല്‍ അവതരണത്തിനിടെ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ സംസാരിച്ചിരുന്നു. ഈ ചടങ്ങുകള്‍ ടെലിവിഷനിലൂടെ 225 രാജ്യങ്ങളിലുള്ളവര്‍ കാണുന്നുണ്ട് അവരൊക്കെ നമ്മെ വെറുക്കുന്നവരാണെ”ന്നായിരുന്നു കിമ്മെല്‍ പറഞ്ഞത്.
പുരസ്‌കാര ജേതാക്കളായ പ്രശസ്തരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത പലരും പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രത്തിന്റെ സംവിധായകന്‍ ഫെര്‍ഹാദി ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് ഓസ്‌കാര്‍ സമിതിക്കയച്ച കത്തിലും കുടിയേറ്റ വിരുദ്ധ നയങ്ങളാണ് കാരണമായി പറഞ്ഞിരുന്നത്.
വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലായിരുന്നു ട്രംപ് ഓസ്‌കാര്‍ വേദിയില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടിയത്. ദു:ഖമുണര്‍ത്തുന്ന കാര്യമാണ് ചടങ്ങില്‍ ഉണ്ടായതെന്നും പിഴവ് പരിപാടിയുടെ മുഴുവന്‍ ശോഭയും കെടുത്തിയതായും ട്രംപ് പറഞ്ഞു. “താന്‍ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയാണ്. ഇന്നലത്തെ ചടങ്ങില്‍ പ്രധാനപ്പെട്ട എന്തോ ഇല്ലാതിരുന്നത് പോലെയുണ്ടായിരുന്നു. വേദനയുണര്‍ത്തുന്നതാണിത്” ട്രംപ് പറഞ്ഞു.