'നാന്‍സി പെലോസിക്ക് മാനസിക രോഗം'; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിച്ചതിന് തന്നെ പരിഹസിച്ചവരോട് പ്രതികരിക്കാനില്ലെന്ന് ട്രംപ്
international
'നാന്‍സി പെലോസിക്ക് മാനസിക രോഗം'; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിച്ചതിന് തന്നെ പരിഹസിച്ചവരോട് പ്രതികരിക്കാനില്ലെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 10:44 am

വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറാക്വിന്‍ കഴിക്കുന്നത് ട്രംപിന് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് പരിഹസിച്ച അമേരിക്കന്‍ പ്രതിനിധി സഭാസ്പീക്കര്‍ നാന്‍സി പെലോസിയ്‌ക്കെതിരെ ട്രംപ് രംഗത്ത്. നാന്‍സിക്ക് മാനിസിക പ്രശ്‌നമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ നിത്യവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ട്രംപ് ഒരിക്കലും കൊറോണ വൈറസിനെ തടയാന്‍ എന്ന പേരില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കരുത്. കാരണം പൊണ്ണത്തടിയാണദ്ദേഹത്തിന്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മോശമാണെന്നുമായിരുന്നു നാന്‍സിയുടെ പ്രതികരണം.

എന്നാല്‍ നാന്‍സിയോട് പ്രതികരിക്കാനിരുന്നാല്‍ സമയം നഷ്ടമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

‘ഞാന്‍ അവരോട് പ്രതികരിക്കാനില്ല. ഇത്തരം ആളുകള്‍ക്കൊക്കെ പലതരം അസുഖങ്ങളുണ്ടാകും,”ട്രംപ് പറഞ്ഞു.

പെലോസി ഒരു മാനസിക പ്രശ്‌നമുള്ള സ്ത്രീയാണെന്നും രാജ്യത്തിന്റെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളുമായി സമയം ചെലവഴിക്കാനാണ് സമയം കണ്ടെത്തുന്നതെന്നും ട്രംപ് പറഞ്ഞു.

‘പെലോസി ഒരു അസുഖമുള്ള സ്ത്രീയാണ്. അവര്‍ക്ക് പലതരം മാനസിക പ്രശ്‌നങ്ങളുണ്ട്. രാജ്യത്തിന്റെ നന്മക്ക് വേണ്ടി വല്ല കാര്യവും ചെയ്യുന്നവരോട് മാത്രമാണ് ഞങ്ങള്‍ സംസാരിക്കുക,’ ട്രംപ് പറഞ്ഞു.

തിങ്കളാഴ്ചയാണ് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എല്ലാ ദിവസവും സിങ്കുമായി കൂട്ടിക്കലര്‍ത്തിയാണ് കഴിക്കുന്നതെന്നുമാണ് ട്രംപ് പറഞ്ഞത്.

നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരിലെ പലരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡിന് ശിപാര്‍ശ ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക