വാഷിങ്ടണ്‍: ഇന്ത്യ ഇറക്കുമതിക്ക് വലിയ നികുതി ചുമത്തുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യന്‍ ഇറക്കുമതിക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെട്രോയില്‍ നടന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.
ലോകത്ത് ഉയര്‍ന്ന നികുതി ചുമത്തുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ പൊതുവെ അമേരിക്ക അങ്ങനെ ചെയ്യാറില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതിനാല്‍ താന്‍ വിജയിച്ച് അധികാരത്തില്‍ എത്തുന്നതോടെ തിരിച്ചും ഇതേ രീതി ഇന്ത്യയോട് സ്വീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ ഭരണകാലത്ത് താന്‍ ഇന്ത്യയോട് ഇതിനപ്പറ്റി പരാതിപ്പെട്ടിരുന്നെന്നും ട്രംപ് തന്റെ പ്രസംഗത്തിനിടെ കൂട്ടിച്ചേര്‍ത്തു.
‘അമേരിക്കയെ വീണ്ടും മുമ്പെങ്ങും ഇല്ലാത്തവിധം മ്പന്നമാക്കാനുള്ള എന്റെ പ്രധാനപ്പെട്ട പദ്ധതി രാജ്യങ്ങളുമായുള്ള പരസ്പര ബന്ധമാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന ഒരു രാജ്യമാണ്. എന്നാല്‍ അവര്‍ അക്കാര്യം ചിരിച്ച് കൊണ്ടാണ് ചെയ്യുന്നത്. പലപ്പോഴും അവര്‍ ബ്രസീലിനേക്കാളും ചൈനയേക്കാളും കൂടുതല്‍ നിരക്ക് ഈടാക്കുന്നു,’ ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം തന്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ട്രംപ് പരാമര്‍ശിക്കുകയുണ്ടായി. മോദി മഹാനായ മനുഷ്യന്‍ ആണെന്ന് പറഞ്ഞ ട്രംപ് അദ്ദേഹം തന്റെ സുഹൃത്ത് ആണെന്നും മികച്ച രീതിയിലാണ് അദ്ദേഹം ജോലികള്‍ കൈകാര്യം ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
2019ല്‍ ട്രംപ് അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ഇന്ത്യയുടെ വികസ്വര രാജ്യപദവി അമേരിക്ക എടുത്ത് കളഞ്ഞത്. ഇതോടെ നികുതിയില്ലാതെ രാജ്യത്തെ ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റിയയ്ക്കാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായിരുന്നു. ഇന്ത്യയുടെ ഏറ്റവു വലിയ വ്യാപാര പങ്കാളിയായ യു.എസുമായി കഴിഞ്ഞ വര്‍ഷം മാത്രം 127 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്.