ബൈഡന്‍ അധികാരത്തിലെത്തിയാല്‍ 'കമ്മ്യൂണിസ്റ്റ് കമല' ഒരു മാസത്തിനുള്ളില്‍ അധികാരത്തിലെത്തും: ട്രംപ്
international
ബൈഡന്‍ അധികാരത്തിലെത്തിയാല്‍ 'കമ്മ്യൂണിസ്റ്റ് കമല' ഒരു മാസത്തിനുള്ളില്‍ അധികാരത്തിലെത്തും: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 9:14 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്റ്റുകാരിയായ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയിലാണ് ട്രംപ് വിമര്‍ശനമുന്നയിച്ചത്. ഫോക്‌സ്‌ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദം ബുധാനാഴ്ച നടന്നിരുന്നു. ഈ സംവാദത്തിലെ കമലയുടെ പ്രകടനത്തോട് വളരെ മോശമായാണ് ട്രംപ് പ്രതികരിച്ചത്. നടന്നത് ഒരു സംവാദമാണെന്ന് പോലും കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

‘കഴിഞ്ഞ രാത്രി നടന്നത് ഒരു സംവാദമാണെന്ന് പോലും ഞാന്‍ കരുതുന്നില്ല. അവര്‍ മോശമായ പ്രകടനമാണ് നടത്തിയത്. അങ്ങനെയൊരാളെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ്,’ ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമുക്കൊരു കമ്മ്യൂണിസ്റ്റിനെ ആണ് കിട്ടാന്‍ പോകുന്നത്. സംവാദത്തില്‍ ഞാന്‍ ജോ ബൈഡന്റെ അടുത്തായിരുന്നു ഇരുന്നത്. എന്നിട്ട് ഞാന്‍ അദ്ദേഹത്തെ നോക്കി. പ്രസിഡന്റായി കഴിഞ്ഞാല്‍ ജോ രണ്ട് മാസം പോലും തികയ്ക്കാന്‍ പോകുന്നില്ല. അതാണെന്റെ അഭിപ്രായം,’ ട്രംപ് പറഞ്ഞു.

കൊവിഡ് ചികിത്സയ്ക്ക് ശേഷം ട്രംപ് നല്‍കിയ ആദ്യത്തെ അഭിമുഖമായിരുന്നു ഇത്. കമല അധികാരത്തിലെത്തിയാല്‍ കൊലപാതകികളെയും റേപിസ്റ്റുകളെയും ഒക്കെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ അനുവദിക്കുമെന്നും ട്രംപ് ആരോപിച്ചു.

‘അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ്. അവര്‍ ഒരു സോഷ്യലിസ്റ്റല്ല, അതിനും അപ്പുറമാണ്. അവരുടെ അഭിപ്രായങ്ങള്‍ ഒന്ന് സൂക്ഷ്മമായി വിലയിരുത്തി നോക്കൂ. അവര്‍ക്ക് അടച്ച അതിര്‍ത്തികളൊക്കെ തുറക്കണം. അവര്‍ കൊലപാതകികളെയും റേപിസ്റ്റുകളെയും രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കും,’ ട്രംപ് പറഞ്ഞു.

കമല ഹാരിസിനെയും ബൈഡനെയും പോലെയുള്ളവര്‍ കള്ളം പറഞ്ഞാല്‍ മാധ്യമങ്ങള്‍ അവരെ ഇതുവരെ ഇല്ലാത്ത തരത്തില്‍ മോശമായി രേഖപ്പെടുത്തുമെന്നും ട്രംപ് ഒരു ട്വീറ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കമലയുടെ സംവാദം വൈസ് പ്രസിഡന്റുമാരുടെ സംവാദമല്ലെന്നും രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള സംവാദമായിരുന്നെന്നും ട്രംപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump says if Biden wins kamala harris will be in power with in one month