| Saturday, 9th January 2021, 4:38 pm

'അണികള്‍ക്കായി സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ സ്ഥാപനമുണ്ടാക്കും'; ട്വിറ്റര്‍ നിരോധനത്തിന് പിന്നാലെ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് വാര്‍ത്തയായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ച നടപടിക്കെതിരെ ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ട്രംപിന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @potus എന്ന ഹാന്‍ഡിലിലൂടെയായിരുന്നു പ്രതികരണം. 75 ദശലക്ഷം അനുയായികള്‍ തനിക്കുണ്ടെന്നും അവര്‍ക്കുവേണ്ടി സ്വന്തമായി സോഷ്യല്‍ മീഡിയ സ്ഥാപനം ഉണ്ടാക്കാനും താന്‍ തയ്യാറാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

‘ഞങ്ങളെ നിശബ്ദരാക്കാനാവില്ല. സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്’, ട്രംപ് പറഞ്ഞു.

ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുള്ള നിരോധനം നീട്ടിയിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് നിരോധനം.

‘ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്’, സുക്കര്‍ബര്‍ഗ് പറഞ്ഞു.
നേരത്തെ ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.

തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞത്.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ വ്യക്തമാക്കി.

അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടുകള്‍ കണ്ടു. അമേരിക്കയുടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യം ജോ ബൈഡന്‍ അതിജീവിക്കും,” സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

‘ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്ത് സമാധാനപരമായി ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ ശബ്ദത്തിന് വില കൊടുക്കണം, അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമല്ല കേള്‍ക്കേണ്ടത്,” ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trump Says He Will Look At Creating His Own Platform After Twitter Ban

We use cookies to give you the best possible experience. Learn more