'നിയമനടപടികള്‍ ആരംഭിച്ചാല്‍ എന്റെ ലീഡ് തിരികെ വരും, വിജയമുറപ്പിക്കാന്‍ വരട്ടെ'; ബൈഡനെതിരെ വീണ്ടും ട്രംപ്
international
'നിയമനടപടികള്‍ ആരംഭിച്ചാല്‍ എന്റെ ലീഡ് തിരികെ വരും, വിജയമുറപ്പിക്കാന്‍ വരട്ടെ'; ബൈഡനെതിരെ വീണ്ടും ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 7:57 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയമുറപ്പിക്കേണ്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.

‘ബൈഡന്‍ ജയിച്ചുവെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ, നിയമ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളു. എനിക്ക് കൂടി അത് ബോധ്യം വരേണ്ടതുണ്ട്,’ ട്രംപ് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന രാത്രി എല്ലാ സംസ്ഥാനങ്ങളിലും തനിക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്നെന്നും പിന്നീട് അത് കുറഞ്ഞുവെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് നടന്ന രാത്രി എല്ലാ സംസ്ഥാനങ്ങളിലും എനിക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. അടുത്ത ദിവസമായപ്പോഴേക്കും അത്ഭുതമെന്ന് പറയട്ടെ അതെല്ലാം അപ്രത്യക്ഷമായി. ഒരു പക്ഷെ നിയമ നടപടികള്‍ ആരംഭിച്ചാല്‍ ഈ ലീഡ് തിരികെ വരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ട്രംപ് ട്വീറ്റ് ചെയ്തു.

നേരത്തെ ട്രംപ് പക്ഷവും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. നാല് സംസ്ഥാനങ്ങളിലെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ജോ ബൈഡനെ വിജയിയാക്കിക്കൊണ്ടുള്ള തെറ്റായ പ്രവചനമെന്നാണ് ട്രംപ് പക്ഷം പറയുന്നത്.

ജോര്‍ജിയയില്‍ റീകൗണ്ട് നടത്തണമെന്നും പെന്‍സില്‍വാനിയയിലും നെവാഡയിലും ‘ക്രമക്കേടുകള്‍’ നടന്നിട്ടുണ്ടെന്നും ട്രംപ് പക്ഷം പറഞ്ഞു. അരിസോണയില്‍ ട്രംപ് വിജയിക്കുമെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അരിസോണയിലും നെവാഡയിലും ബൈഡനാണ് മുന്നില്‍.

അലാസ്‌കയും നോര്‍ത്ത് കരോലിനയുമൊഴികെ എല്ലാ സ്‌റ്റേറ്റുകളിലും ബൈഡന്‍ ലീഡ് തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ജോര്‍ജിയയിലും ബൈഡന് മികച്ച ഭൂരിപക്ഷമാണ് നേടാനായത്.

നേരത്തെ ട്രംപ് മുന്നിലുണ്ടായിരുന്ന പെന്‍സില്‍വാനിയയില്‍ 98 ശതമാനം വോട്ടും എണ്ണിക്കഴിയുമ്പോള്‍ ബൈഡന്‍ മുന്നിലാണ്.
നെവാഡയിലും ബൈഡന്‍ ലീഡ് തുടരുകയാണ്.

തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് ബൈഡന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം വോട്ടെണ്ണല്‍ അഞ്ചാം ദിവസത്തിലേക്ക് പുരോഗമിക്കുമ്പോഴും ട്രംപിനെതിരെയുള്ള അതൃപ്തി പ്രകടിപ്പിച്ച നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump says he will get lead if legal proceedings forwarded by