'കോടതിക്കെതിരെയുള്ള യുദ്ധത്തില്‍ ഞാന്‍ തന്നെ ജയിക്കും': മുസ്‌ലീങ്ങളെ വിലക്കിയ ഉത്തരവ് മുഖംമിനുക്കി കൊണ്ടുവരുമെന്ന് ട്രംപ്
World
'കോടതിക്കെതിരെയുള്ള യുദ്ധത്തില്‍ ഞാന്‍ തന്നെ ജയിക്കും': മുസ്‌ലീങ്ങളെ വിലക്കിയ ഉത്തരവ് മുഖംമിനുക്കി കൊണ്ടുവരുമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th February 2017, 1:03 pm

വാഷിങ്ടണ്‍: ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച ഉത്തരവ് പുതിയ രൂപത്തില്‍ കൊണ്ടുവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്‌ലിം വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ട്രംപ് മുതിരുന്നത്.

ഈ വിഷയത്തില്‍ കോടതിയോടുള്ള യുദ്ധത്തില്‍ താന്‍ തന്നെ ജയിക്കുമെന്നാണ് ഫ്‌ളോറിഡയിലേക്കു തിരിക്കവെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. “നമുക്കുമുമ്പില്‍ ഒട്ടേറെ മറ്റുവഴികളുണ്ട്. പുതിയ ബ്രാന്റ് ഉത്തരവ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ.” എന്നായിരുന്നു ട്രംപിന്റെ മറുപടി.

“അതാവാം. സുരക്ഷയുടെ കാര്യമായതിനാല്‍ നമുക്ക് സമയംകളയാനില്ല.” പുതിയ ഉത്തരവാണോ ലക്ഷ്യമിടുന്നതെന്ന ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി ഇതായിരുന്നു.


Must Read: നാവടക്കൂ, നിങ്ങളുടെ ജാതകം മുഴുവന്‍ എന്റെ കയ്യിലുണ്ട്: കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി


അതിനിടെ ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത സാന്‍ ഫ്രാന്‍സിസ്‌കോ കോടതി നടപടിയ്‌ക്കെതിരെ വൈറ്റ് ഹൗസ് സുപ്രീം കോടതിയെ സമീപിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. പ്രസിഡന്റ് സുപ്രീം കോടതിയില്‍ പോകില്ലയെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്.

എന്നാല്‍ സുപ്രീം കോടതി ഉള്‍പ്പെടെ മറ്റെല്ലാ വഴികളും നോക്കുമെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റു റിപ്പോര്‍ട്ടു ചെയ്യുന്നത്.