വാഷിങ്ടണ്‍: ലോകത്ത് വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കാന്‍ പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്നായ ഫെന്റാനിലിന്റെ അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഫെബ്രുവരി ഒന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവര്‍ക്കും ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയോടുള്ള ഭീഷണി. മുമ്പ് താന്‍ അധികാരത്തില്‍ എത്തിയാല്‍ ചൈനയ്ക്ക് 60% താരിഫ് ചുമത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം വ്യാപാര യുദ്ധത്തില്‍ വിജയികള്‍ ഇല്ലെന്നാണ് ചൈന ഈ വിഷയത്തില്‍ പ്രതികരിച്ചത്. ചൈന അതിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം ഡോളര്‍ നികുതി ചുമത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ അധിക തീരുവ ഒഴിവാക്കി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവയ്ക്കും അധിക നികുതി ആണ്.
ചൊവ്വാഴ്ച വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, യൂറോപ്യന്‍ യൂണിയനും ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ ഞങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും അതിനാല്‍ അവര്‍ക്കെതിരേയും നികുതി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.
‘അവര്‍ ഞങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. അതിനാല്‍ അവര്‍ താരിഫുകള്‍ക്ക് വിധേയരാകും. ഞങ്ങള്‍ക്ക് തിരിച്ച് വരാനുള്ള ഏക മാര്‍ഗമാണിത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്,’ ട്രംപ് പറഞ്ഞു.
അതേസമയം യു.എസ് പ്രസിഡന്റ് താരിഫുകളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ കാനഡ പ്രതികരിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
അമേരിക്കന്‍ എണ്ണ ഇറക്കുമതിയുടെ ഏകദേശം 60% നല്‍കുന്നത് കാനഡയാണ്. വൈദ്യുതി ഇറക്കുമതിയാകട്ടെ ഇതിലും എത്രയോ വലുതാണ്. 2022ല്‍ അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിയില്‍ നിന്നുള്ള കാനഡയുടെ വരുമാനം 5.8 കനേഡിയന്‍ ഡോളര്‍ എന്ന റെക്കോഡ് നിലയിലെത്തിയിരുന്നു.
ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉത്പാദകരും ആറാമത്തെ പാചകവാതക ഉത്പാദകരുമാണ് കാനഡ. കാനഡയുടെ എണ്ണയിലധികവും കയറ്റി അയക്കുന്നത് യു.എസിലേക്കാണ്. അതിനാല്‍ കാനഡ ഇറക്കുമതി നിര്‍ത്തി വെച്ചാല്‍ അത് യു.എസിന് പ്രതിസന്ധിയാവും. ദീര്‍ഘകാലമായി കാനഡ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യു.എസിന്റെ മുന്‍നിര വ്യാപാര പങ്കാളികള്‍.
ട്രംപിന്റെ സാമ്പത്തിക പദ്ധതികളുടെ പ്രധാന ഭാഗമാണ് താരിഫുകള്‍. യു.എസിന്റെ വളര്‍ച്ച വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും നികുതി വരുമാനം ഉയര്‍ത്താനും താരിഫുകള്‍ക്ക് കഴിയുമെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.
Content Highlight: Trump says he is considering 10% tariff on China from February