| Saturday, 2nd November 2019, 4:50 pm

അയാളെക്കുറിച്ച് ഞങ്ങള്‍ക്ക് എല്ലാമറിയാം; ഐ.എസ് വെളിപ്പെടുത്താത്ത തലവനെക്കുറിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ കൊലപാതകത്തിന് ശേഷം ഐ.എസ് പുതിയ തലവനെ തെരഞ്ഞെടുത്തിരുന്നു. തലവനായി തെരഞ്ഞെടുക്കപ്പെട്ട അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയെക്കുറിച്ച് കൂടുലൊന്നും ഇവര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, പുതിയ ഐ.എസ് നേതാവിനെക്കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്.

‘ഐ.എസ് പുതിയ നേതാവിനെ തെരഞ്ഞെടുത്തു. അദ്ദേഹം ആരാണെന്നത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം’, ട്രംപ് ട്വീറ്റ് ചെയ്തു. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും അമേരിക്കയും പുറത്തുവിട്ടിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാഗ്ദാദി കൊല്ലപ്പെട്ടെന്ന രീതിയിലുള്ള തെറ്റായ വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നപ്പോഴൊക്കെ അടുത്ത തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയായിരിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് ഐ.എസ് പുതിയ തലവനെ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ അമേരിക്ക അധികം സന്തോഷിക്കേണ്ട എന്ന മുന്നറിയിപ്പും ഐ.എസ് ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

‘ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട. യൂറോപ്പിന്റെയും സെന്‍ട്രല്‍ ആഫ്രിക്കയുടെയും പടിവാതിലില്‍ ഞങ്ങള്‍ എത്തിനില്‍ക്കുന്ന കാര്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ലേ. എന്നുമാത്രമല്ല, ഞങ്ങള്‍ ഇത് വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയുമാണ്’, ഐ.എസ് വക്താവ് അവരുടെ സോഷ്യല്‍മീഡിയ ചാനലിലൂടെ അയച്ച ശബ്ദരേഖയില്‍ വ്യക്തമാക്കി.

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more