വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ സൗദി പണം നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐ.എസിനെ പരാജയപ്പെടുത്തുകയെന്ന സിറിയയിലെ ദൗത്യം തങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കിയെന്നും ട്രംപ് പറഞ്ഞു.
നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്റെ യു.എസ് സന്ദര്‍ശനവേളയിലും തിങ്കളാഴ്ച സൗദി രാജാവ് ട്രംപുമായി ഫോണില്‍ സംസാരിച്ചതിന് ശേഷവും സിറിയയില്‍ അമേരിക്കയ്ക്ക് തുടരാനായി സൗദി പണം നല്‍കുന്നത് സംബന്ധിച്ച് സംസാരിച്ചതായി സൂചനകളുണ്ടായിരുന്നില്ല.
സിറിയയിലെ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഒഹിയോയിലും ട്രംപ് പറഞ്ഞിരുന്നു. സിറിയയില്‍ യു.എസ് സൈന്യം തുടരുമെന്ന് ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസും മുന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും നേരത്തെ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായാണ് ദൗത്യമവസാനിപ്പിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.
2014ല്‍ ഒബാമ സര്‍ക്കാരാണ് ഐ.എസിനെതിരെ സിറിയയില്‍ സൈനിക നീക്കം ആരംഭിച്ചിരുന്നത്.