| Friday, 21st February 2025, 8:28 am

ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന് ട്രംപ്; സാമ്പത്തിക സഹായങ്ങളുടെ ധവളപത്രമിറക്കണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നാരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിയാമിയില്‍ നടന്ന എഫ്.ഐ.ഐ മുന്‍ഗണനാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണത്തിന് വേണ്ടി എന്തിനാണ് നമ്മള്‍ 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടതെന്നും ബൈഡന്‍ മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് ധാരാളം പണമുണ്ടെന്നും എന്തിന് അമേരിക്ക ഇന്ത്യയ സഹായിക്കണമെന്നും ചോദിച്ച ട്രംപ് തങ്ങളെ സംബന്ധിച്ച് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അങ്ങോട്ട് പ്രവേശിക്കാന്‍ നമുക്ക് പ്രയാസമുണ്ടെന്നും പറഞ്ഞു.

അതേസമയം ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നും മറ്റാരെയോ ജയിപ്പിക്കാനായിരുന്നു ബൈഡന്റെ ശ്രമമെന്നുമുള്ള ട്രംപിന്റെ ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും ആരോപണങ്ങളുമായി രംഗത്തെത്തി.

ട്രംപിന്റെ പരാമര്‍ശം അസംബന്ധമാണെന്നും ഇന്ത്യയിലെ സര്‍ക്കാരിനും സര്‍ക്കാരിതര സംഘടനകള്‍ക്കും യു.എസ് എയ്ഡ് നല്‍കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് ധവളപത്രമിറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇക്കാലത്ത് യു.എസ്.എയ്ഡ് വളരെയധികം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളതായും 1961 നവംബര്‍ 3 നാണ് ഇത് സ്ഥാപിതമായതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ സാധാരണയായി അസംബന്ധമാണെന്നും അങ്ങനെയാണെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യയിലെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് യു.എസ് എയ്ഡ് നല്‍കിയ പിന്തുണ വിശദമായി പ്രതിപാദിക്കുന്ന ഒരു ധവളപത്രം ഇന്ത്യാ ഗവണ്‍മെന്റ് എത്രയും വേഗം പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ വിദേശ ശ്രമം ഉണ്ടായിരുന്നുവെന്നും മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ശ്രമം നടന്നുവെന്നുമുള്ള ട്രംപിന്റെ ആരോപണം ബി.ജെ.പി സ്ഥിരീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ആശങ്കകള്‍ ഉന്നയിച്ചതായും ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തപ്പോള്‍ അവര്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നും വിദേശപണം ഉപയോഗിച്ച് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നും, കോണ്‍ഗ്രസ് ഇന്ത്യയുടെ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള 21 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുന്നതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഫിഷ്യന്‍സി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ. ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഫണ്ടാണ് റദ്ദാക്കിയത്. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ ആരോപണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ബജറ്റ് വെട്ടിക്കുറച്ചതിന് പിന്നാലെയുള്ള നടപടിയാണിതെന്നും അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറക്കാനായുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളിലൊന്നാണിതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Trump said that the Biden government tried to interfere in the Indian elections; Congress should release a white paper on financial aid

We use cookies to give you the best possible experience. Learn more