വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ദുര്‍ഘടം പിടിച്ചതായിരുന്നുവെന്ന് ട്രംപിനുകീഴില്‍ ജോലി ചെയ്ത അമേരിക്കയിലെ ആറ് ആരോഗ്യ വിദഗ്ധര്‍. സി.എന്‍.എന്നിനോടാണ് ട്രംപിനു കീഴില്‍ കൊവിഡ് മഹാമാരിയെ ശാസ്ത്രീയമായി നേരിടുന്നതില്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇവര്‍ തുറന്നു പറഞ്ഞത്.
ഡോ. ഡിബ്രോ ബിര്‍ക്‌സ്, ഡോ.ആന്റണി ഫൗസി, ഡോ. ബ്രെട്ട് ഗിറിയോര്‍, ഡോ. സ്റ്റീഫന്‍ ഹാന്‍, ഡോ. റോബര്‍ട്ട് കാഡ്‌ലെക്, ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് എന്നിവരാണ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ടു വന്നത്.
വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വലിയൊരു ദുരന്തം വരുന്നത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ വൈറ്റ് ഹൗസിലെ ട്രംപുള്‍പ്പെടെയുള്ളവര്‍ ഇതിനെ നിസാരവത്കരിക്കുകയായിരുന്നുവെന്നും ഡോ. ഡിബ്രോ ബിര്‍ക്‌സ് പറഞ്ഞു. ട്രംപിനു കീഴില്‍ വൈറ്റ് ഹൗസിലെ കൊറോണ റെസ്‌പോണ്‍സ് ടീമിന്റെ കോര്‍ഡിനേറ്ററായിരുന്നു ഡിബ്രോ ബിര്‍ക്‌സ്.
അമേരിക്കന്‍ പൗരന്മാരോട് സ്ഥിതിഗതികള്‍ കൃത്യമായി പറഞ്ഞില്ലെന്നും വലിയൊരു ദുരന്തം വരുന്നുണ്ടെന്നും അതിന് രാജ്യം തയ്യാറല്ലെന്നും തനിക്ക് നേരത്ത മനസിലായിരുന്നുവെന്നും ഡിബ്രോ ബിര്‍ക്‌സ് കൂട്ടിച്ചേര്‍ത്തു. പക്ഷേ വൈറ്റ് ഹൗസ് വിഷയത്തെ നിസാരവത്കരിക്കുകയായിരുന്നു. പ്രസിഡന്റുമായി നേരിട്ട് ഇടപെടാന്‍ സാധിച്ചിരുന്നില്ലെന്നും വൈറ്റ് ഹൗസില്‍ പോലും മാസ്‌ക് ധരിക്കുന്നത് ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്നോട്ട് പോകും തോറും അശാസ്ത്രീയമായി നിരവധി വിവരങ്ങള്‍ ട്രംപ് മുന്നോട്ടുവെച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവു കൂടിയായ സ്‌കോട്ട് അറ്റ്‌ലസാണോ അദ്ദേഹത്തിന് തെറ്റായ നിര്‍ദേശങ്ങളും ഡാറ്റയും നല്‍കിയത് എന്ന് സംശയമുള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡോക്ടര്‍മാരും അറ്റ്‌ലസും തമ്മില്‍ തര്‍ക്കങ്ങളുണ്ടായതായും വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പല ഘട്ടങ്ങളിലും പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചുവെന്നും ട്രംപിന്റെ കൊവിഡ് റെസ്‌പോണ്‍സ് ടീമിലെ അംഗങ്ങള്‍ തുറന്നു പറഞ്ഞു. നേരത്തെ
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് പോയതുകൊണ്ട് തനിക്കിപ്പോള്‍ സമാധാനവും സ്വാതന്ത്ര്യവും ലഭിച്ചതുപോലെയാണ് തോന്നുന്നതെന്ന് തുറന്ന് പറഞ്ഞ് അമേരിക്കയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞനായ ആന്റണി ഫൗസി മുന്നോട്ട് വന്നിരുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ സത്യങ്ങള്‍ ഇനി പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭയക്കാതെ തുറന്ന് പറയാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trump’s top health officials reveals challenges during Covid Fight