ബാങ്കോക്ക്: തീരുവ തുല്യമായി വര്‍ധിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ ആശങ്ക ഉയര്‍ത്തി തായ്‌ലാൻഡ്. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവകള്‍ ഒഴിവാക്കാന്‍ തായ് സര്‍ക്കാരും ആഗ്രഹിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിച്ചു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ട്രംപിന്റെ തീരുവ ഭീഷണി പ്രാബല്യത്തില്‍ വന്നാല്‍ തായ്‌ലാൻഡിന് ഏകദേശം ഏഴ് മുതല്‍ എട്ട് ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകും. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് യു.എസ് ഉത്പന്നങ്ങളുടെ തീരുവ പിന്‍വലിക്കാന്‍ തായ്‌ലാൻഡ് ഒരുങ്ങുന്നത്.
ഇതിനുപുറമെ വ്യാപാരമിച്ചം കുറയ്ക്കുന്നതിനായി അമേരിക്കയില്‍ നിന്ന് കൂടുതല്‍ ധാന്യം, സോയാബീന്‍, ക്രൂഡ്, ഈഥെയ്ന്‍ എന്നിവ ഇറക്കുമതി ചെയ്യാനും തായ് ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് തായ്‌ലാൻഡ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സിരിലക് നിയോം അറിയിച്ചിരുന്നു.
നിലവില്‍ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഏകദേശം 11 ശതമാനം കൂടുതല്‍ താരിഫാണ് തായ്‌ലാൻഡ് ചുമത്തുന്നത്. ഇതിന് സമാനമായി ട്രംപ് പരസ്പര താരിഫ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ തായ്‌ലാൻഡിന് എട്ട് ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2024ല്‍ അമേരിക്കയുമായി നടന്ന വ്യാപാരത്തില്‍ തായ്‌ലാൻഡിന് 35.4 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചം ഉണ്ടായിട്ടുണ്ട്. എന്നാല്‍ തായ്‌ലാൻഡുമായുള്ള വ്യാപാരത്തില്‍ 45.6 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് യു.എസിനുണ്ടായത്.
അതേസമയം അമേരിക്കയില്‍ തങ്ങള്‍ 17 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് തായ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സിരിലക് നിയോം പറയുന്നു. യു.എസില്‍ റിയല്‍ എസ്റ്റേറ്റ്, ഓട്ടോ പാര്‍ട്സ്, റെസ്റ്റോറന്റ് തുടങ്ങിയ മേഖലകളിലായി 11,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും സിരിലക് അറിയിച്ചു.
ഇതിനിടെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇസ്രഈല്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവകള്‍ മുഴുവനായും ഒഴിവാക്കി. തീരുമാനം വിപണിയെ കൂടുതല്‍ മെച്ചപ്പെടുന്നതിന് വേണ്ടിയാണെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
Content Highlight: Trump’s threat; Thailand also preparing to withdraw tariffs on US products