World News
തോറ്റിട്ടും ' വാശിപിടിച്ച്' ട്രംപ്; വിട്ടുകളഞ്ഞൂടെയെന്ന് മരുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 08, 11:26 am
Sunday, 8th November 2020, 4:56 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ചിട്ടും തോല്‍വി സമ്മതിക്കാത്ത ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെ
ബൈഡന് സ്ഥാനം ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജേര്‍ഡ് കുഷ്‌നര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

ട്രംപിനോട് കണ്‍സെന്റിംഗ് നടത്തണമെന്ന് കുഷ്‌നര്‍ ആവശ്യപ്പെട്ടതായാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മല്‍സരത്തിന്റെ ഫലം അംഗീകരിക്കാന്‍ താന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഷ്‌നര്‍ മറ്റുള്ളവരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, മത്സര ഫലം അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞാലുടന്‍ അമേരിക്കയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരാനാണ് ബൈഡന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ വിഷയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ബൈഡന്റെ പദ്ധതികള്‍.

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെയും അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു.

‘ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,’ എന്നാണ് ബൈഡന്‍ പറഞ്ഞത്.

തനിക്ക് ചുവപ്പെന്നോ നീലയെന്നോ വ്യത്യാസമില്ലെന്നും അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും അമേരിക്കയുടെ ലോക നേതൃപദവി തിരിച്ച് പടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇനി പരസ്പരം സ്‌നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകണം. ആക്രോശങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Trump’s Son-In-Law Approached Him About Conceding Election: Reports